തിരുവനന്തപുരം: മയക്കുമരുന്ന് കടത്ത്, മണല്‍കടത്ത്, കള്ളക്കടത്ത്, സംഘം ചേര്‍ന്നുള്ള ആക്രമണങ്ങള്‍ എന്നിവ തടയുന്നതിനും ഇവയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തി നിയമനടപടികള്‍ക്ക് വിധേയരാക്കുന്നതിനുമായി പ്രത്യേക പദ്ധതിക്ക് പൊലീസ് രൂപം നല്കി. ‘ഓപ്പറേഷന് കാവല്‍’ എന്ന് പേരിട്ട ഈ പദ്ധതി വിജയകരമാക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
വിവിധ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടശേഷം ഒളിവില്‍ കഴിയുന്നവരെ കണ്ടെത്താനായി ജില്ലാ പൊലീസ് മേധാവിമാര്‍ പ്രത്യേകസംഘത്തിന് രൂപം നല്‍കും. സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ പട്ടിക സ്പെഷ്യല്‍ ബ്രാഞ്ച് തയ്യാറാക്കുകയും പട്ടികയില്‍ ഉള്‍പ്പെട്ടവരെ കര്‍ശനമായി നിരീക്ഷിക്കുകയും ചെയ്യും. ജാമ്യത്തിലിറങ്ങിയവര്‍ വ്യവസ്ഥകള്‍ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. ലംഘിച്ചതായി കണ്ടെത്തിയാല്‍ ജാമ്യം റദ്ദാക്കി റിമാന്‍ഡ് ചെയ്യാന്‍ നടപടി സ്വീകരിക്കും. ഇതിനായി സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് രഹസ്യാന്വേഷണം നടത്തും.
ക്രിമിനൽ കേസിലെ പ്രതികളുടേയും കുറ്റവാളികളെന്ന് സംശയിക്കുന്നവരുടേയും നീക്കങ്ങള്‍ മനസ്സിലാക്കി അന്വേഷണം ഊര്‍ജ്ജിതമാക്കും. ആവശ്യമെങ്കില്‍ അവരുടെ സങ്കേതങ്ങളില്‍ പരിശോധന നടത്തും. നേരത്തെ അക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുടെ ഡാറ്റ ബേസ് ജില്ലാ അടിസ്ഥാനത്തില്‍ തയ്യാറാക്കും. ആവശ്യമെങ്കില്‍ കാപ്പാ നിയമപ്രകാരം ഇവരെ അറസ്റ്റ് ചെയ്യും. സ്ഥിരം കുറ്റവാളികളുടെ മുഴുവന്‍ വിവരങ്ങളും ജില്ലാ പൊലീസ് മേധാവിമാര്‍ തയ്യാറാക്കും.
വിവിധ അക്രമസംഭവങ്ങളിലായി സംസ്ഥാനത്തു രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളില്‍ ഉള്‍പ്പെട്ട അക്രമികളെ ഏതാനും ദിവസത്തിനകം അറസ്റ്റ് ചെയ്യും. അക്രമപ്രവര്‍ത്തനങ്ങള്‍ക്കായി ആസൂത്രണവും ഗൂഢാലോചനയും നടത്തുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും നടപടി സ്വീകരിക്കും. കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ കണ്ടുകെട്ടും.
നിര്ദ്ദേശങ്ങളിന്മേല് സ്വീകരിച്ച നടപടികള്‍ ജില്ലാ പൊലീസ് മേധാവിമാര്‍ മുഖേന സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിമാര്‍ എല്ലാ ദിവസവും രാവിലെ സംസ്ഥാന പൊലീസ് മേധാവിക്ക് ലഭ്യമാക്കാനും നിർദേശിച്ചിട്ടുണ്ട്.
ജില്ലാ അടിസ്ഥാനത്തിലും പോലീസ് സ്റ്റേഷന് അടിസ്ഥാനത്തിലും പ്രത്യേകസംവിധാനം
സംസ്ഥാനത്ത് സംഘടിത കുറ്റകൃത്യങ്ങളും ഗുണ്ടാപ്രവര്‍ത്തനങ്ങളും തടയുന്നതിന് പ്രത്യേക സംവിധാനങ്ങള്‍ രൂപീകരിക്കാന്‍ നിർദേശിച്ച് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. തുടര്‍ച്ചയായ നിരീക്ഷണത്തിലൂടെ സംഘടിതകുറ്റകൃത്യങ്ങളും ഗുണ്ടാപ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നത് ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം.
സംഘടിതകുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിനായി ജില്ലാതലത്തില്‍ നര്‍ക്കോട്ടിക് സെല്‍. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ രണ്ട് സബ് ഇന്‍സ്പെക്ടര്‍മാരും കുറഞ്ഞത് 10 പൊലീസ് ഉദ്യോഗസ്ഥരും അടങ്ങുന്ന സ്പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പിന് രൂപം നല്‍കും. കുറ്റാന്വേഷണമേഖലയിലും കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വിവരശേഖരണത്തിലും അനുഭവസമ്പത്തുള്ള ഉദ്യോഗസ്ഥരായിരിക്കും സംഘത്തില്‍ ഉണ്ടാവുക. ജില്ലാ പൊലീസ് മേധാവിമാരുടെ നിയന്ത്രണത്തിലുള്ള സംഘം ഗുണ്ടകളേയും സാമൂഹ്യവിരുദ്ധരേയും മയക്കുമരുന്ന്, സ്വര്‍ണ്ണം, ഹവാല എന്നിവ കടത്തുന്നവരെയും കണ്ടെത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും.
ക്രിമിനലുകളുടെ വരുമാനസ്രോതസ്സും സമ്പത്തും അന്വേഷിക്കും. ജാമ്യവ്യവസ്ഥകള്‍ ലംഘിക്കുന്ന ക്രിമിനലുകളുടെ ജാമ്യം റദ്ദാക്കുന്നതിന് ആവശ്യമായ നടപടിയെടുക്കും. സാമൂഹികമാധ്യമങ്ങളിലെ വിവരങ്ങള്‍ വിശകലനം ചെയ്തു സംഘടിത കുറ്റകൃത്യങ്ങളും അവയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും കണ്ടെത്താന്‍ ശ്രമിക്കും. ജില്ലാ പൊലീസ് മേധാവി മാർ എല്ലാ ആഴ്ചയിലും റേഞ്ച് ഡിഐജി മാർ രണ്ടാഴ്ചയിൽ ഒരിക്കലും സംഘത്തിന്റെ പ്രവർത്തനം വിലയിരുത്തും.
സംസ്ഥാനത്തെ ഓരോ പൊലീസ് സ്റ്റേഷനും കേന്ദ്രീകരിച്ച് ആന്റി ഓര്‍ഗനൈസ്ഡ് ക്രൈം സെല്ലുകള്‍ക്ക് രൂപം നല്‍കും. കുറഞ്ഞത് ഒരു എസ്ഐയും രണ്ട് പൊലീസ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് സെല്ലിലുണ്ടാവുക. സംഘടിത കുറ്റകൃത്യങ്ങളും ഗുണ്ടാ പ്രവര്‍ത്തനങ്ങളും തടയുന്നതിന് ജില്ലാ അടിസ്ഥാനത്തില്‍ രൂപീകരിക്കുന്ന സ്പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് നിര്‍വഹിക്കുന്ന ചുമതലകള്‍ തന്നെയാണ് പൊലീസ് സ്റ്റേഷന് തലത്തില്‍ ഈ സെല്ലും ചെയ്യുക. സെല്ലിന്റെ നിരീക്ഷണവും ചുമതലയും സ്റ്റേഷന് ഹൗസ് ഓഫീസര്‍ക്കായിരിക്കും.
സബ് ഡിവിഷണല്‍ ഓഫീസര്‍മാര്‍ ആഴ്ചയില്‍ രണ്ട് തവണയും ജില്ലാ പൊലീസ് മേധാവിമാര്‍ രണ്ടാഴ്ചയില്‍ ഒരിക്കലും സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും സര്‍ക്കുലര്‍ നിർദേശിക്കുന്നുണ്ട്.