കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ പുതിയ പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി എ.സി.മൊയ്തീന്‍. തിരുവനന്തപുരത്തെ നടപ്പാക്കിയ ഓപ്പറേഷന്‍ അനന്തയ്ക്ക് തുല്യമായ പദ്ധതി കൊച്ചിയില്‍ നടപ്പിലാക്കുമെന്നാണ് മന്ത്രി അറിയിച്ചത്.

കനാലുകളിലെ കൈയേറ്റം ഒഴിപ്പിക്കുമെന്നും ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഫണ്ട് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാര്‍ച്ചിനകം പദ്ധതി നടപ്പിലാക്കുമെന്നാണ് മന്ത്രി അറിയിച്ചത്. കോടതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

കൊച്ചിയിലെ വെള്ളക്കെട്ട് പ്രശ്‌നത്തില്‍ ഹൈക്കോടതി കോർപറേഷൻ ഭരണസമിതിക്കെതിരേ നിശിത വിമർശനമുന്നയിച്ചിരുന്നു. പ്രശ്‌നത്തിനു പരിഹാരം കാണാൻ പത്തു ദിവസത്തിനകം കർമസമിതി രൂപീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണു മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തത്.

അതേസമയം, കൊച്ചി മേയറെ മാറ്റില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. ഒരാള്‍ക്ക് മാത്രം പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനാകില്ല. വിജയമായാലും പരാജയമായാലും കൂട്ടുത്തരവാദിത്തമാണെന്നും ഒളിയമ്പെയ്യുന്നവര്‍ അത് അവര്‍ക്കു നേരെ പതിക്കുമെന്ന് ഓര്‍ക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

നേരത്തെ, തന്നോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് കൊച്ചി മേയര്‍ സൗമിനി ജെയിൻ വ്യക്തമാക്കിയിരുന്നു. രാജി സന്നദ്ധത അറിയിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. നഗരസഭയ്ക്ക് എതിരായ ഹൈബി ഈഡന്റെ പരാമര്‍ശത്തോട് പ്രതികരിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. കൊച്ചിയിലെ വെള്ളക്കെട്ടിന്റെ ഉത്തരവാദിത്തം പൊതുമരാമത്ത് വകുപ്പിനാണെന്നായിരു ന്നു സൗമിനി ജെയിൻ പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook