തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ റെയ്ഡില്‍ ആയിരത്തിലധികം ഗുണ്ടകള്‍ പിടിയിലായതായി റിപ്പോര്‍ട്ട്. ഓപ്പറേഷന്‍ ആഗ് എന്ന പേരില്‍ ഇന്നലെ രാത്രി മുതല്‍ നടത്തിയ പ്രത്യേക പരിശോധനയിലാണ് ക്രിമിനലുകള്‍ പിടിയിലായത്. തലസ്ഥാന ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ പിടിയിലായിരിക്കുന്നത്.
ഗുണ്ടാ നിയമപ്രകാരം ഉത്തരവുണ്ടായിട്ടും ഒളിവിൽ കഴിഞ്ഞിരുന്ന അനൂപ് ആന്റണി, അന്തർ സംസ്ഥാന മോഷ്‌ടാവ് ജാഫർ എന്നിവരെല്ലാം തിരുവനന്തപുരത്ത് പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. തിരുവനന്തപുരം റൂറലിൽ നിന്ന് പിടിയിലായ 181 പേരുള്‍പ്പടെ 297 പേരെയാണ് ജില്ലയില്‍ മാത്രം അറസ്റ്റിലായിരിക്കുന്നത്.
കോഴിക്കോട് ജില്ലയില്‍ നടന്ന പരിശോധനയില്‍ 69 പേരെയാണ് അറസ്റ്റ് ചെയ്തത്. പിടികിട്ടാപ്പുളികളും സ്ഥിരം കുറ്റവാളികളുമായ എട്ട് പേരും ഇതില്‍ ഉള്‍പ്പെടുന്നു. കോഴിക്കോട് റൂറൽ പരിധിയിൽ 147 പേർ കരുതൽ തടങ്കലിലാണെന്നാണ് വിവരം. 26 വാറണ്ട് പ്രതികൾ, 13 പിടികിട്ടാപുള്ളികൾ എന്നിവരും പിടിയിലായതായാണ് വിവരം.
എറണാകുളം (49), പാലക്കാട് (137), മലപ്പുറം (159), കണ്ണൂര്‍ (127), കാസര്‍ഗോഡ് (85), പത്തനംതിട്ട (81) എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്കുകള്‍. പാലക്കാട് മാത്രം 165-ലധികം വീടുകളിലാണ് പരിശോധന നടന്നത്. 130 കേസുകളും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പിടിയിലായവരുടെ മൊബൈല്‍ പോണ്‍ ഉള്‍പ്പടെ പരിശോധിച്ചതായാണ് വിവരം.