തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് മാറ്റിയേക്കും. ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതനുസരിച്ചായിരിക്കും തീരുമാനം. എയര്‍ ആംബുലന്‍സ് വഴിയായിരുന്നും ഉമ്മന്‍ ചാണ്ടിയെ ആശുപത്രിയിലേക്ക് മാറ്റുക എന്നാണ് ലഭിക്കുന്ന വിവരം.
ന്യൂമോണിയ കൂടിയതിനാലാണ് കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടിയെ തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസതടസവും ചുമയും ഭേദപ്പെട്ടിട്ടുണ്ട്. ന്യൂമോണിയ ഭേദമായതിന് ശേഷമായിരിക്കും ബെംഗളൂരുവിലേക്ക് മാറ്റുന്നത് സംബന്ധിച്ചിട്ടുള്ള നടപടികള്‍ സ്വീകരിക്കുക.
ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെ നേരിട്ട് വിളിച്ചാണ് ആരോഗ്യസ്ഥിതി അന്വേഷിച്ചത്.
ഉമ്മന്‍ ചാണ്ടിയുടെ ചികിത്സാ മേല്‍നോട്ടത്തിന് ആരോഗ്യ വകുപ്പ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ വിദഗ്ധരായ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തിയാണ് ആറംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരിക്കുന്നത്.
ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യാവസ്ഥയും ചികിത്സയും മെഡിക്കല്‍ ബോര്‍ഡ് അവലോകനം ചെയ്യും. മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുമായി ആശയവിനിമയം നടത്തുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
ഉമ്മന്‍ചാണ്ടിക്ക് കുടുംബം വിദഗ്ധ ചികിത്സ നിഷേധിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ അലക്‌സ് ചാണ്ടി ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ ആരോപണങ്ങള്‍ നിഷേധിച്ച് ഉമ്മന്‍ചാണ്ടിയും കുടുംബവും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിക്കുകയും ചെയ്തു.
ഉമ്മന്‍ചാണ്ടിക്ക് തുടര്‍ ചികിത്സ ലഭ്യമാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് അലക്‌സ് ചാണ്ടിയും മറ്റു ചില കുടുംബാംഗങ്ങളും മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. അലക്‌സ് വി ചാണ്ടി നടത്തുന്ന പ്രസ്താവനകള്‍ക്ക് മറുപടി നല്‍കാന്‍ താനില്ലെന്നാണ് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചത്.