മഞ്ചേശ്വരം: കാസർഗോഡ് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്റെ വീട്ടിൽ എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി സന്ദർശനം നടത്തി. മകനെ നഷ്ടപ്പെട്ട അച്ഛന്റെ കണ്ണീരിന് മുന്നിൽ ഉമ്മൻ ചാണ്ടിയ്ക്കും പിടിച്ച് നിൽക്കാനായില്ല. നിറകണ്ണുകളോടെയാണ് അദ്ദേഹം കൃപേഷിന്റെ അച്ഛനെ ആശ്വസിപ്പിച്ചത്.

അതേസമയം, യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മറ്റി ഇന്ന് കലക്ട്രേറ്റിൽ ഉപവാസമിരിക്കും. കെപിസിസി വർക്കിങ് പ്രസിഡന്‍റ് കെ.സുധാകരൻ ഉപവാസത്തിൽ പങ്കെടുക്കുന്നുണ്ട്.

ഞായറാഴ്ച രാത്രി എട്ടരയോടെ പെരിയക്കടുത്ത് കല്യോട്ട് വച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ വെട്ടേറ്റ് മരിച്ചത്. കൃപേഷ് (19), ശരത് (23) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗം എ.പീതംബരനടക്കം ആറ് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പീതാംബരനെ ആക്രമിച്ച കേസിലെ പ്രതികളായിരുന്നു കൃപേഷും ശരത് ലാലും. ഇതാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ തന്നെ ഇരുവര്‍ക്കും ഭീഷണിയുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊടുവാള്‍ പോലുള്ള മൂര്‍ച്ചയുള്ള ആയുധം കൊണ്ടുണ്ടാക്കിയ മുറിവാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ശരത് ലാലിന് കഴുത്തിലും കാലുകളിലും വെട്ടേറ്റിട്ടുണ്ട്. കൃപേഷിന്റെ നെറ്റിയുടെ തൊട്ടുമുകളിലായാണ് വെട്ടേറ്റത്. 11 സെന്റീമീറ്റര്‍ നീളവും രണ്ട് സെന്റീമീറ്റര്‍ ആഴവും മുറിവിനുണ്ട്. കൃപേഷ് സംഭവ സ്ഥലത്തു വച്ചു തന്നെ മരിക്കുകയായിരുന്നു. ശരത്തിനെ വിദഗ്‌ധ ചികിത്സയ്ക്കായി മംഗലാപുരത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.