scorecardresearch

ഉമ്മന്‍ ചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് മാറ്റും; നടക്കുന്നതെല്ലാം വ്യാജപ്രചരണമെന്ന് മകന്‍

എഐസിസി ഏര്‍പ്പാടാക്കുന്ന ചാര്‍ട്ടേഡ് വിമാനത്തിലായിരിക്കും ഉമ്മന്‍ ചാണ്ടിയെ ബെംഗളൂരുവിലേക്ക് മാറ്റുക

Oommen Chandy, Health
Photo: Facebook/ Oommen Chandy

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും പുതുപ്പള്ളി എംഎല്‍എയുമായ ഉമ്മന്‍ ചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി നാളെ ബെംഗളൂരുവിലേക്ക് കൊണ്ടുപോകും. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് നിംസ് ആശുപത്രിയില്‍ ഉമ്മന്‍ ചാണ്ടിയെ പ്രവേശിപ്പിച്ചത്. ന്യൂമോണിയ ഭേദമായ സാഹചര്യത്തിലാണ് ബെംഗളൂരുവിലേക്ക് കൊണ്ടുപോകാനുള്ള തീരുമാനം.

എഐസിസി ഏര്‍പ്പാടാക്കുന്ന ചാര്‍ട്ടേഡ് വിമാനത്തിലായിരിക്കും ഉമ്മന്‍ ചാണ്ടിയെ ബെംഗളൂരുവിലേക്ക് മാറ്റുക. കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ ആശുപത്രിയിലെത്തി ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നിര്‍ദേശ പ്രകാരമായിരുന്നു സന്ദര്‍ശനം. വേണുഗോപാലാണ് ചാര്‍ട്ടേഡ് വിമാനത്തിന്റെ കാര്യം അറിയിച്ചത്.

“തന്റെ പിതാവിന് ചികിത്സ ലഭിക്കുന്നില്ല എന്നത് വ്യാജപ്രചരണം മാത്രമാണെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. വ്യാജപ്രചരണത്തെ തുടര്‍ന്ന് നൂറുകണക്കിന് ആളുകള്‍ അദ്ദേഹത്തെ കാണാനെത്തി. അതിനാല്‍ ന്യൂമോണിയ പിടിപെട്ടു. ചികിത്സയുമായി ബന്ധപ്പെട്ട് അദ്ദേഹം ആശുപത്രിയില്‍ കിടക്കുമ്പോഴും ഈ ക്യാമ്പയിന്‍ തുടരുന്ന സ്ഥിതിയാണുള്ളത്,” ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.

“ഈ പ്രായത്തിലുള്ള ഒരു വ്യക്തിക്ക് ന്യൂമോണിയ വന്നാല്‍ അതിന്റെ ഇംപാക്ട് എത്രത്തോളമാണെന്ന് നിങ്ങള്‍ക്ക് അറിയില്ലെ. നമുക്ക് ഒരു ചികിത്സയോടും എതിര്‍പ്പില്ല. ഇതുവരെയുള്ള ചികിത്സയുടെ എല്ലാ രേഖകളും എന്റെ പക്കലുണ്ട്. എന്തൊക്കെ ചികിത്സയാണ് ഇതുവരെ ചെയ്തതെന്ന് വ്യക്തമായി പറയാന്‍ എനിക്ക് സാധിക്കും,” ചാണ്ടി ഉമ്മന്‍ പറഞ്ഞു.

“ഞാന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ എല്ലാം അറിയിച്ചിട്ടുണ്ട്. അവര്‍ക്ക് ഉത്തമ ബോധ്യമുള്ളതുകൊണ്ടാണ് ജര്‍മനിയില്‍ കൊണ്ടുപോയി ചികിത്സിക്കാന്‍ സഹായം നല്‍കിയത്. വീണ്ടും വ്യാജപ്രചരണങ്ങള്‍ ഉയര്‍ന്നു വന്നു. അപ്പോഴും പിന്തുണയുമായി കോണ്‍ഗ്രസ് ഒപ്പമുണ്ട്,” ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Oommen chandy to be shifted to bengaluru for further treatment

Best of Express