കോട്ടയം: മൂന്നാർ വിഷയത്തിൽ ഉൾപ്പെടെ സിപിഐ പറയുന്നത് ജനങ്ങളുടെ അഭിപ്രായമെന്ന് ഉമ്മൻ ചാണ്ടി. സിപിഐയും കോൺഗ്രസും ലീഗും മുൻപ് ഒരുമിച്ചുനിന്ന നല്ല കാലത്തെ കുറിച്ച് ജനങ്ങൾക്ക് ഓർമയുണ്ട്. മുന്നണി വിപുലീകരിക്കുമെന്ന് പറയുന്ന കോടിയേരി ബാലകൃഷ്ണൻ സ്വന്തം ക്യാംപിലെ ആശങ്കകളാണ് ആദ്യം പരിഹരിക്കേണ്ടത്. സ്വന്തം മുന്നണിയിലെ ആളുകൾ പുറത്തു പോകാതെ നോക്കണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

സിപിഐ ആത്മപരിശോധനയ്ക്കു തയാറായില്ലെങ്കില്‍ മുന്നണി ബന്ധം വഷളാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു. പരസ്യപ്രസ്താവനകളിലൂടെ വിവാദങ്ങളുണ്ടാക്കുന്നത് മുന്നണി രീതിയല്ല. വിട്ടുപോയ കക്ഷികളെ ഉൾപ്പെടുത്തി ഇടതുമുന്നണി വിപുലീകരിക്കും. ജനതാദളും ആർഎസ്‌പിയും യുഡിഎഫ് വിട്ടുവന്നാൽ അവരെ മുന്നണിയിൽ ഉൾപ്പെടുത്തുന്നതിന് തുറന്ന മനസ്സാണെന്നും കോടിയേരി പറഞ്ഞിരുന്നു.

മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കലിനെക്കുറിച്ച് ഇടതുപ്രാദേശിക നേതാക്കൾ നൽകിയ പരാതിയെത്തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷിയോഗം വിളിച്ചിരുന്നു. സിപിഐയെ അറിയിക്കാതെ വിളിച്ച യോഗത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന് സിപിഐ തീരുമാനിച്ചു. പാർട്ടി തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ റവന്യൂമന്ത്രിയും യോഗത്തിൽനിന്ന് വിട്ടുനിന്നിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.