കണ്ണൂർ: മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ മൂന്നുപേര്‍ കുറ്റക്കാരെന്ന് കോടതി. ദീപക്, സി.ഒ.ടി നസീര്‍, ബിജു പറമ്പത്ത് എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ണൂർ സബ് കോടതി കണ്ടെത്തിയത്. കേസില്‍ പ്രതികളായ മുന്‍ എംഎല്‍എമാരായ സി.കൃഷ്ണന്‍, കെ.കെ.നാരായണന്‍ അടക്കം 110 പേരെ കോടതി വെറുതെവിട്ടു.
പൊതുമുതല്‍ നശിക്കല്‍ നിയമപ്രകാരമാണ് മൂവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. വധശ്രമം, ഗൂഢാലോചന, പൊലീസിനെ ആക്രമിച്ച് പരുക്കേൽപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ തെളിയിക്കാനായില്ല. സംഭവത്തില്‍ ഗൂഢാലോചനക്കുറ്റവും വധശ്രമക്കുറ്റവും നിലനില്‍ക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ശിക്ഷിക്കപ്പെട്ട രണ്ട് പേർ അച്ചടക്ക നടപടിയുടെ പേരിൽ സിപിഎം പുറത്താക്കിയവരാണ്. തലശേരി സ്വദേശിയായ ഒ.ടി നസീര്‍ നസീർ, ചാലാട് സ്വദേശിയായ ദീപക് എന്നിവരെയാണ് സിപിഎം പുറത്താക്കിയത്. അതേസമയം, യഥാര്‍ത്ഥ പ്രതികള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്ന് ടി.സിദ്ദിഖ് പ്രതികരിച്ചു. ആസൂത്രണം ചെയ്തവര്‍ രക്ഷപ്പെട്ടുവെന്നും മുഴുവന്‍ പ്രതികളെയും പിടിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2013 ഒക്ടോബർ 27 നായിരുന്നു കേസിനാസ്പദമായ സംഭവം. കണ്ണൂരിൽവച്ചാണ് ഉമ്മൻ ചാണ്ടിയുടെ കാറിനുനേരെ കല്ലേറുണ്ടായത്. കല്ലേറിൽ കാറിന്റെ ചില്ല് തകർന്ന് ഉമ്മൻ ചാണ്ടിക്ക് പരുക്കേറ്റിരുന്നു.