കോട്ടയം: വെല്ലുവിളി നിറഞ്ഞ പുതിയ ചുമതല ഏറ്റെടുക്കാൻ തയ്യാറെന്ന് ഉമ്മൻ ചാണ്ടി. പുതിയ ചുമതലയ്ക്ക് രാഹുൽ ഗാന്ധിയോട് നന്ദി പറയുമെന്നും അദ്ദേഹം പറഞ്ഞു. ആന്ധ്ര പ്രദേശിന്റെ ചുമതലയുളള എഐസിസി ജനറൽ സെക്രട്ടറിയായി നിയമിതനായതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് അധ്യക്ഷന്റെ തീരുമാനം അംഗീകരിക്കുന്നു. ഏൽപ്പിച്ച ഉത്തരവാദിത്തത്തോട് നൂറു ശതമാനം നീതി പുലർത്തും. പുതിയ നിയോഗം വെല്ലുവിളിയായി ഏറ്റെടുക്കുന്നുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. കേരളത്തിൽനിന്ന് പൂർണമായി മാറി പോകുന്നില്ല. പുതിയ സ്ഥാനം ഏറ്റെടുത്താലും സംസ്ഥാന രാഷ്ട്രീയത്തിൽ തന്നെ ഉണ്ടാകും. ചുതമല ഏൽപ്പിച്ചത് വിവാദമാക്കേണ്ട കാര്യമില്ല. തീരുമാനത്തിൽ ആർക്കും അതൃപ്തിയില്ല. ചെങ്ങന്നൂർ തിരഞ്ഞെടുപ്പ് തലേന്നുളള തീരുമാനത്തിൽ അസ്വാഭ്വാവികതയില്ല. മുതിർന്നവരെ അവഗണിച്ചു കൊണ്ട് പാർട്ടിക്ക് മുന്നോട്ടു പോകാനാവില്ല. എന്നാൽ പാർട്ടിക്ക് ഊർജസ്വലത നൽകുന്നത് യുവാക്കളാണെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മൻ ചാണ്ടിയെ എഐസിസി ജനറൽ സെക്രട്ടറിയായി നിയമിച്ചുകൊണ്ടുളള അറിയിപ്പ് കോൺഗ്രസ് ഇന്ന് പുറത്തിറക്കിയിരുന്നു. ദിഗ്‌വിജയ് സിങ്ങിനെ നീക്കിയാണ് ഉമ്മൻ ചാണ്ടിയെ നിയമിച്ചത്. ആന്ധ്ര പ്രദേശിന്റെ ചുമതലയുളള ജനറൽ സെക്രട്ടറിയായാണ് നിയമനം. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടേതാണ് തീരുമാനം. സംസ്ഥാന രാഷ്ട്രീയത്തിൽനിന്നും കേന്ദ്രത്തിലേക്ക് ഉമ്മൻ ചാണ്ടിയുടെ പ്രവർത്തനം മാറ്റാൻ ലക്ഷ്യമിട്ടാണ് രാഹുലിന്റെ പുതിയ നീക്കം.

അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പിന് ഒപ്പമാണ് ആന്ധ്രപ്രദേശിൽ നിയമസഭ തിരഞ്ഞെടുപ്പും നടക്കുന്നത്. ഇതു മുന്നിൽ കണ്ടാണ് ഉമ്മൻ ചാണ്ടിക്ക് ആന്ധ്രയുടെ ചുമതല രാഹുൽ നൽകിയത്. എഐസിസി ജനറൽ സെക്രട്ടറിയാകുന്നതോടെ കോൺഗ്രസ് പ്രവർത്തക സമിതിയിലും ഉമ്മൻ ചാണ്ടി അംഗമാകും.

മുൻ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടി സംസ്ഥാനത്ത് ഇപ്പോൾ ഒരു പദവിയും വഹിക്കുന്നില്ല. തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ തോൽവിക്കുശേഷം പ്രധാന പദവികളൊന്നും ഉമ്മൻ ചാണ്ടി ഏറ്റെടുക്കാൻ തയ്യാറായിരുന്നില്ല. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാൻ അദ്ദേഹം വിസമ്മതിച്ചതോടെ അത് രമേശ് ചെന്നിത്തല ഏറ്റെടുക്കുകയായിരുന്നു. കെപിസിസി അധ്യക്ഷനാവുമെന്ന് വാർത്തകൾ വന്നുവെങ്കിലും ഉമ്മൻ ചാണ്ടി അതു നിഷേധിച്ചു. സ്ഥാനങ്ങൾ ഒന്നും ഏറ്റെടുക്കില്ലെന്നും സജീവ രാഷ്ട്രീയത്തിൽ തുടരുമെന്നുമാണ് അദ്ദേഹം അറിയിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ