/indian-express-malayalam/media/media_files/uploads/2023/06/pinarayi-vijayan.jpg)
പിണറായി വിജയൻ
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അനുസ്മരിക്കാൻ കെപിസിസി സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ
മൈക്ക് തടസ്സപ്പെട്ടത് വളരെ കുറച്ച് സമയം മാത്രമെന്ന് സൗണ്ട് സെറ്റ് ഉടമ രഞ്ജിത്.
പ്രസംഗത്തിനിടെ മൈക്ക് തകരാറിലായതിനു കേസെടുത്ത പൊലീസ്, മൈക്ക് സെറ്റ് കസ്റ്റഡിയിലെടുത്തിരുന്നു.
ഇതെല്ലാം വിദഗ്ധ പരിശോധനയ്ക്കു ശേഷം തിരിച്ചു തരാമെന്നാണ് പറഞ്ഞിരിക്കുന്നത്. 17 വർഷമായി ഈ മേഖലയിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, രാഹുൽഗാന്ധി, അടക്കമുള്ളവരുടെ പരിപാടിയിൽ മൈക്ക് നൽകിയിട്ടുണ്ട്. രാഹുൽ ഗാന്ധിക്ക് സ്ഥിരമായി മൈക്ക് നൽകാറുണ്ട്. ഹൗളിംങ് സാധാരണമാണ്. നേരത്തെ ഇതുപോലെ ഒന്നിനും കേസ് വന്നിട്ടില്ലെന്നും ഇതാദ്യമാണെന്നും രഞ്ജിത്ത് പറയുന്നു.
‘വിഐപിയുടെ പ്രസംഗം ഒരു മൈക്ക് ഓപ്പറേറ്ററും മനപ്പൂർവം തടസ്സപ്പെടുത്തില്ല. മുഖ്യമന്ത്രി സംസാരിക്കുന്നതിനിടയിൽ വെറും 10 സെക്കൻഡ് മാത്രമായിരുന്നു പ്രശ്നം. തിരക്കിൽ ആളുകൾ കേബിളിൽ തട്ടിയാണു ശബ്ദം തകരാറിലായത്. സാധാരണ മിക്ക പരിപാടികൾക്കും മൈക്ക് ഹൗളിങ് പതിവാണ്. കഴിഞ്ഞദിവസം രാവിലെ കന്റോൺമെന്റ് സിഐ വിളിച്ചിരുന്നു ,മൊഴിയെടുത്തു. പരിപാടിക്ക് ഉപയോഗിച്ച ആംപ്ലിഫയറും മൈക്കും ഹാജരാക്കാൻ ആവശ്യപ്പെട്ടു. അവയെല്ലാം ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്,"രഞ്ജിത്ത് പറയുന്നു.
ഉമ്മൻചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നതിനിടെ മൈക്ക് തകരാറായ സംഭവത്തെതുടർന്നാണ് പൊലീസ് കേസെടുത്തത്. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിൽ പ്രവർത്തിച്ചുവെന്നാണ് എഫ്ഐആറിലുള്ളത്. ആരെയും പ്രതിയാക്കിയിട്ടില്ല. മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മൈക്കിൽ ഹൗളിംഗ് വരുത്തി സുരക്ഷാ പ്രശ്നമുണ്ടാക്കിയെന്ന് എഫ്ഐആറിൽ പറയുന്നു.
മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ടത് മനപ്പൂർവമാണോ അതോ സാങ്കേതിക പ്രശ്നമാണോ എന്നാണ് പ്രധാനമായും പരിശോധിക്കുക. പരിശോധനയ്ക്ക് ശേഷം മൈക്ക്, ആംപ്ലിഫയർ, വയർ എന്നിവ വിട്ട് കൊടുക്കും.
കേസെടുത്ത നടപടിയിൽ പരിഹാസവും പ്രതിഷേധവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. സാങ്കേതിക പ്രശ്നത്തിന് പൊലീസ് സ്വമേധയാ കേസെടുത്തത് ശരിയായില്ലെന്നാണ് കോൺഗ്രസ് പക്ഷം. കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിൽ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോഴാണ് മൈക്കിന്റെ ശബ്ദം തടസ്സപ്പെട്ടത്. അയ്യൻകാളി ഹാളിൽ കഴിഞ്ഞ ദിവസമായിരുന്നു കെപിസിസി സംഘടിപ്പിച്ച അനുസ്മരണ പരിപാടി നടന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.