തിരുവനന്തപുരം: കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ വിദേശരാജ്യങ്ങളിൽനിന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളോട് മനുഷത്വരഹിതമായാണ് സർക്കാർ പെരുമാറുന്നതെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി. സാഹചര്യങ്ങള്‍ ഉള്‍ക്കൊണ്ട് യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കണം. മനുഷ്യസാധ്യമല്ലാത്ത വ്യവസ്ഥകള്‍ വെച്ച് പ്രവാസികളെ തടയുന്നത് മനുഷ്യത്വമല്ല. പ്രവാസികളോട് സര്‍ക്കാരിന് വിവേചനമെന്നും ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി.

പ്രവാസി മടക്കത്തിൽ സർക്കാർ നിലപാട് തിരുത്തണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന് മൂന്ന് ദിവസമേ ആയുസ്സുള്ളു. മഹാഭൂരിപക്ഷം പേര്‍ക്കും പരിശോധന ചെലവ് താങ്ങാനാകില്ല. സര്‍ട്ടിഫിക്കറ്റ് സമയപരിധി മാറ്റണം. ഇല്ലെങ്കില്‍ പ്രവാസികള്‍ അന്യനാട്ടില്‍ മരിക്കുന്ന സ്ഥിതിയാകും. പല രാജ്യങ്ങളിലും വേണ്ടത്ര സൗകര്യങ്ങളില്ല. പ്രവാസികളെ സമയബന്ധിതമായി സര്‍ക്കാര്‍ നാട്ടിലെത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Also Read: പ്രവാസികള്‍ അവിടെ കിടന്ന് മരിക്കട്ടേയെന്നതാണ് സര്‍ക്കാരിന്റെ നയം: രമേശ് ചെന്നിത്തല

രോഗികളേയും രോഗലക്ഷണങ്ങളുള്ളവരേയും കൊണ്ടുവരണമെന്ന് പറയുന്നില്ല. എന്നാല്‍ എല്ലാവര്‍ക്കും കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാണിക്കണമെന്ന് പറയുന്നത് പ്രായോഗികമല്ല. പല രാജ്യങ്ങളിലും പരിശോധന നടത്തുന്നതിന് നിയന്ത്രണങ്ങളുണ്ട്. അതനുസരിച്ച് മാത്രമേ പ്രവാസികള്‍ക്ക് പ്രവര്‍ത്തിക്കാനാകൂ. വിമാനത്തില്‍ ഒരാള്‍ക്ക് രോഗം ഉണ്ടെങ്കില്‍ എല്ലാവര്‍ക്കും പകരുമെന്ന് ബോധപൂര്‍വ്വം പ്രചരിപ്പിക്കുന്നു. എന്നാല്‍ ഇത്തരത്തില്‍ രോഗം പടര്‍ന്നതിന്റെ കണക്കുകള്‍ വളരെ ചെറുതാണെന്നും അദ്ദേഹം പറഞ്ഞു.

Also Read: ചാർട്ടേഡ് വിമാനങ്ങൾക്കുള്ള കേന്ദ്ര മാർഗനിർദേശങ്ങൾ ഹാജരാക്കണം: ഹൈക്കോടതി

എപ്പോഴാണ് വിമാനത്തില്‍ കയറാന്‍ അവസരം കിട്ടുകയെന്ന് കാത്തിരിക്കുന്നവര്‍ക്ക് പല തവണ കോവിഡ് ടെസ്റ്റ് നടത്തേണ്ടി വരും. ഇതിനകം തന്നെ തൊഴില്‍ നഷ്ടപ്പെട്ട മഹാഭൂരിപക്ഷം പേര്‍ക്കും ഈ ചെലവുകള്‍ താങ്ങാനാവുന്നതല്ല. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ ഈ നിബന്ധന വെച്ചിരിക്കുന്നത്. മറ്റു രാജ്യങ്ങളില്‍ നിന്ന്‌ വരുന്നവര്‍ക്ക് ഈ നിബന്ധന ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.