ന്യൂഡൽഹി: ഉമ്മൻ ചാണ്ടിയെ എഐസിസി ജനറൽ സെക്രട്ടറിയായി നിയമിച്ചു. ദിഗ്‌വിജയ് സിങ്ങിനെ നീക്കിയാണ് ഉമ്മൻ ചാണ്ടിയെ നിയമിച്ചത്. ആന്ധ്ര പ്രദേശിന്റെ ചുമതലയുളള ജനറൽ സെക്രട്ടറിയായാണ് നിയമനം. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടേതാണ് തീരുമാനം. സംസ്ഥാന രാഷ്ട്രീയത്തിൽനിന്നും കേന്ദ്രത്തിലേക്ക് ഉമ്മൻ ചാണ്ടിയുടെ പ്രവർത്തനം മാറ്റാൻ ലക്ഷ്യമിട്ടാണ് രാഹുലിന്റെ പുതിയ നീക്കം.

അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പിന് ഒപ്പമാണ് ആന്ധ്രപ്രദേശിൽ നിയമസഭ തിരഞ്ഞെടുപ്പും നടക്കുന്നത്. ഇതു മുന്നിൽ കണ്ടാണ് ഉമ്മൻ ചാണ്ടിക്ക് ആന്ധ്രയുടെ ചുമതല രാഹുൽ നൽകിയത്. എഐസിസി ജനറൽ സെക്രട്ടറിയാകുന്നതോടെ കോൺഗ്രസ് പ്രവർത്തക സമിതിയിലും ഉമ്മൻ ചാണ്ടി അംഗമാകും. നേരത്തെ കെ.സി.വേണുഗോപാലിനെ എഐസിസി ജനറൽ സെക്രട്ടറിയായി നിയമിച്ച് കർണാടകയുടെ ചുമതല നൽകിയിരുന്നു.

മുൻ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടി സംസ്ഥാനത്ത് ഇപ്പോൾ ഒരു പദവിയും വഹിക്കുന്നില്ല. തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ തോൽവിക്കുശേഷം പ്രധാന പദവികളൊന്നും ഉമ്മൻ ചാണ്ടി ഏറ്റെടുക്കാൻ തയ്യാറായിരുന്നില്ല. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാൻ അദ്ദേഹം വിസമ്മതിച്ചതോടെ അത് രമേശ് ചെന്നിത്തല ഏറ്റെടുക്കുകയായിരുന്നു.

കെപിസിസി അധ്യക്ഷനാവുമെന്ന് വാർത്തകൾ വന്നുവെങ്കിലും ഉമ്മൻ ചാണ്ടി അതു നിഷേധിച്ചു. സ്ഥാനങ്ങൾ ഒന്നും ഏറ്റെടുക്കില്ലെന്നും സജീവ രാഷ്ട്രീയത്തിൽ തുടരുമെന്നുമാണ് അദ്ദേഹം അറിയിച്ചത്. തുടർന്ന് എം.എം.ഹസനെ താൽക്കാലിക അധ്യക്ഷനായി നിയമിച്ചു. എന്നാൽ ഉമ്മൻ ചാണ്ടിയുടെ എഐസിസി ജനറൽ സെക്രട്ടറിയായുളള ഇപ്പോഴത്തെ നിയമനം കേരള രാഷ്ട്രീയത്തിലും മാറ്റങ്ങൾ വരുത്തിയേക്കുമെന്നാണ് കരുതുന്നത്.

നേരത്തെ രമേശ് ചെന്നിത്തലയോടും ഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംസ്ഥാന രാഷ്ട്രീയത്തിൽ തുടരാനാണ് തനിക്ക് താൽപര്യമെന്നാണ് ചെന്നിത്തല അറിയിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ