തിരുവനന്തപുരം: കെ.എം.മാണിയുടേത് രാഷ്ട്രീയ വഞ്ചനയെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. യുഡിഎഫ് മാന്യത വിട്ട് പെരുമാറിയിട്ടില്ലെന്നും കോട്ടയത്ത് അവസാനനിമിഷം കാലുമാറിയത് തികച്ചും ദൗര്‍ഭാഗ്യകരമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. ബന്ധം വേര്‍പെടുത്താന്‍ മാണി പറഞ്ഞ കാരണങ്ങളെല്ലാം തെറ്റാണ്. യുഡിഎഫ് വിടാൻ മതിയായ കാരണങ്ങൾ ഇല്ലായിരുന്നു. ജനാധിപത്യകേരളം മാണിയുടെ തീരുമാനം അംഗീകരിക്കില്ല. മുഴുവന്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരും തീരുമാനത്തിന് എതിരാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. സിപിഎമ്മിന്റെ നിലപാടിനെക്കുറിച്ച് വി.എസ്.അച്യുതാനന്ദൻ നിലപാടു പറയണമെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.

കെ.എം.മാണി അവസരവാദിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മാണി നടത്തിയത് അവസരവാദപരമായ നീക്കമാണ്. മാണിക്കെതിരെ ആരോപണം ഉന്നയിച്ചവരാണ് സിപിഎം. സിപിഐ രാഷ്ട്രീയ മര്യാദ കാട്ടി. മാണിക്കെതിരെ പറഞ്ഞത് മാറ്റി പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

Read More: യുഡിഎഫ് കുത്തി നോവിച്ചുവെന്ന് കെ.എം.മാണി; ‘കോണ്‍ഗ്രസ് രാഷ്ട്രീയ വഞ്ചനയുടെ ആശാന്മാര്‍’

അതേസയമം, കോണ്‍ഗ്രസിന് കടുത്ത ഭാഷയിൽ കെ.എം.മാണി മറുപടി നൽകി. കോണ്‍ഗ്രസ് മലര്‍ന്നുകിടന്ന് തുപ്പുകയാണ്. കോട്ടയം ജില്ലാ പഞ്ചായത്തില്‍ ഉണ്ടായത് അംഗങ്ങളെടുത്ത തീരുമാനമാണ്. വേദനിച്ച പാര്‍ട്ടി അംഗങ്ങളുടെ തീരുമാനമാണിത്. അതിനെ തളളിപ്പറയില്ല. സിപിഎമ്മിനോട് ചര്‍ച്ച നടത്തിയിട്ടില്ലെന്നും അങ്ങോട്ട് പോകുന്നില്ലെന്നും കെ.എം.മാണി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ