കോട്ടയം: വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കണമെന്ന് കോൺഗ്രസിന്റെ ഒരു വിഭാഗം ആവശ്യം ഉന്നയിക്കുമ്പോൾ, ഇക്കാര്യത്തിൽ നിലപാടറിയിച്ച് കോൺഗ്രസ് നേതാവ് തന്നെ രംഗത്ത്. തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞ് കിടക്കുകയാണെന്നും ആജീവനാന്തം അതിൽ മാറ്റമില്ലെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. ഫെയ്സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം തുടങ്ങുന്നതിനുമുമ്പേ, എന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രചാരണങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണം. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും കെപിസിസി നേതൃത്വവുമാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത്. എന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നു. ആജീവനാന്തം അതില്‍ മാറ്റം ഉണ്ടാകില്ല,” അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം തുടങ്ങുന്നതിനുമുമ്പേ, എന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടു നടക്കുന്ന…
Posted by Oommen Chandy on Friday, 29 January 2021
ഉമ്മൻ ചാണ്ടിയെ പോലെ പ്രബലനായ നേതാവ് തിരുവനന്തപുരത്ത് മത്സരിച്ചാൽ തെക്കൻ കേരളത്തിൽ കോൺഗ്രസിന് ഗുണം ചെയ്യുമെന്നാണ് ഉയർന്നുവന്നിരിക്കുന്ന അഭിപ്രായം. ഉമ്മൻ ചാണ്ടിയെ തിരുവനന്തപുരത്തെ നേമത്ത് മത്സരിപ്പിക്കണമെന്നാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കം മുന്നോട്ടുവയ്‌ക്കുന്ന ആശയം. ഉമ്മൻ ചാണ്ടി എവിടെ മത്സരിച്ചാലും ജയിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
ഉമ്മൻ ചാണ്ടി തിരുവനന്തപുരത്ത് മത്സരിക്കുകയാണെങ്കിൽ പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനെ സ്ഥാനാർഥിയാക്കാമെന്നാണ് കോൺഗ്രസ് ആലോചിക്കുന്നത്. പുതുപ്പള്ളി സീറ്റ് വിട്ടുനൽകേണ്ടതില്ലെന്ന നിലപാടാണ് ‘എ’ഗ്രൂപ്പിന്.
Read More: ഉമ്മൻ ചാണ്ടിയെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാൻ നീക്കം; പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ പരിഗണനയിൽ
അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ വലിയ തിരിച്ചടി നേരിട്ട സാഹചര്യത്തിൽ ഉമ്മൻ ചാണ്ടിയെ മാറ്റിയുള്ള പരീക്ഷണം കൂടുതൽ ദോഷം ചെയ്യുമെന്നാണ് മറ്റൊരു വിഭാഗം വാദിക്കുന്നത്. ഉമ്മൻ ചാണ്ടി തന്നെ പുതുപ്പള്ളിയിൽ മത്സരിക്കണമെന്ന് ഇക്കൂട്ടർ ആവശ്യപ്പെടുന്നു.
പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ യുഡിഎഫിന് കനത്ത തിരിച്ചടിയാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ നേരിടേണ്ടി വന്നത്. പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ എട്ടിൽ ആറ് പഞ്ചായത്തുകളിലും ഇടത് തേരോട്ടമായിരുന്നു. രണ്ട് പഞ്ചായത്തുകളിൽ മാത്രമാണ് യുഡിഎഫ് ജയിച്ചത്. മീനടം, അയർക്കുന്നം പഞ്ചായത്തുകളാണ് യുഡിഎഫിനൊപ്പം നിന്നത്. അകലകുന്നം, കുരോപ്പട, മണർകാട്, പാമ്പാടി, വാകത്താനം, പുതുപ്പള്ളി എന്നിവിടങ്ങളിലെല്ലാം എൽഡിഎഫ് ജയിച്ചു. യുഡിഎഫ് കോട്ടകളാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടത്തോട് കൂറുകാണിച്ചത്.
പുതുപ്പള്ളി പഞ്ചായത്തിലെ ഒൻപത് വാർഡുകൾ ഇത്തവണ എൽഡിഎഫിനൊപ്പം നിന്നു. യുഡിഎഫിന് ഏഴ് സീറ്റുകൾ മാത്രമാണ് ലഭിച്ചത്. രണ്ട് സീറ്റിൽ ബിജെപി ജയിച്ചു. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽ ഉമ്മൻ ചാണ്ടിയുടെ സ്വന്തം വാർഡിൽ പോലും യുഡിഎഫ് പിന്നിലായിരുന്നു. കഴിഞ്ഞ 25 വർഷത്തിനിടെ ആദ്യമായാണ് പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് ഭരണം ഇടതുമുന്നണി പിടിച്ചെടുക്കുന്നത്.