തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ നിന്ന് വിദഗ്ധചികിത്സക്കായി ബെംഗളൂരുവിലേക്ക് കൊണ്ടുപോയി. ബെംഗളൂരുവിലെ എച്ച്.സി.ജി. ആശുപത്രിയിലേക്കാണ് ഉമ്മന്‍ ചാണ്ടിയെ എത്തിക്കുന്നത്. വൈകുന്നേരം 3.30 ഓടെ തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് എയര്‍ ആംബുലന്‍സില്‍ ഉമ്മന്‍ ചാണ്ടി ബെംഗളൂരുവിലേക്ക് പുറപ്പെട്ടു.
കുടുംബം തനിക്ക് ചികിത്സ നിഷേധിച്ചെന്ന ആരോപണം ഉമ്മന്‍ ചാണ്ടി തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിഷേധിച്ചു. ചികിത്സയുമായി ബന്ധപ്പെട്ട് കുടുംബത്തിനെതിരെ ഉയര്‍ന്നത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് മെച്ചപ്പെട്ട ചികിത്സ ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് നിംസ് ആശുപത്രിയില്‍ ഉമ്മന്‍ ചാണ്ടിയെ പ്രവേശിപ്പിച്ചത്. ആറ് ദിവസമാണ് അദ്ദേഹം നിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞത്. വിമാനത്താവളത്തില്‍ എത്തുന്നതിനായി നെയ്യാറ്റിന്‍കരയിലെ ആശുപത്രിയില്‍ നിന്ന് കാറിലാണ് ഉമ്മന്‍ചാണ്ടി യാത്ര പുറപ്പെട്ടത്. സര്‍വസജ്ജീകരണങ്ങളുമുള്ള ആംബുലന്‍സും കാറിനെ അനുഗമിച്ചിരുന്നു. മെഡിക്കല്‍സംഘവും ഒപ്പമുണ്ട്. ഭാര്യ മറിയാമ്മ, മക്കളായ ചാണ്ടി ഉമ്മന്‍, മറിയം ഉമ്മന്‍, അച്ചു ഉമ്മന്‍ എന്നിവരും ഉമ്മന്‍ചാണ്ടിക്കൊപ്പമുണ്ട്. പാര്‍ട്ടി പ്രതിനിധിയായി ബെന്നി ബെഹ്നാനും അദ്ദേഹത്തിനൊപ്പം പോകുന്നുണ്ട്. നിംസ് ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍സംഘവും അദ്ദേഹത്തെ അനുഗമിക്കുന്നു