കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കൊച്ചി മെട്രോയിലെ ജനകീയ യാത്രയ്ക്കെതിരെ നടപടി ഉണ്ടായേക്കും. ജനകീയ യാത്രര കൊച്ചി മെട്രോയുടെ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിക്ക് കെഎംആർഎൽ ശ്രമിക്കുന്നത്. യുഡിഎഫിന്റെ നേതൃത്വത്തിൽ നടത്തിയ ജനകീയ യാത്രയുടെ പ്രധാന സംഘാടകർക്കെതിരായാണ് നടപടി എടുക്കുന്നത്.

ഇതിന്റെ ഭാഗമായി ജനകീയ യാത്രയുടെ സംഘാടകരോട് വിശദീകരണം ചോദിക്കും. ഇതിന് ശേഷമായിരിക്കും നടപടി. ഇന്നലെയാണ് യു.ഡി.എഫിന്റെ നേതൃത്വത്തിൽ ആലുവയില്‍ നിന്ന് പാലാരിവട്ടം വരെ ജനകീയ യാത്ര സംഘടിപ്പിച്ചത്. മെട്രോ ഉദ്ഘാടന ചടങ്ങിൽ പദ്ധതിക്ക് മുഖ്യപങ്ക് വഹിച്ച കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും അവഗണിച്ചെന്ന് ആരോപിച്ചാണ് ജനകീയ യാത്ര സംഘടിപ്പിച്ചത്.

യുഡിഎഫ് നേതാക്കളുടെയും എംഎൽഎമാരുടെയും നേതൃത്വത്തിൽ മെട്രോയിലേക്ക് പ്രവേശിച്ച ജനക്കൂട്ടം കൊച്ചി മെട്രോയുടെ പ്രവർത്തന താളം തെറ്റിച്ചു. ആൾക്കൂട്ടം ഒന്നിച്ച് കയറിയതോടെ ടിക്കറ്റ് പരിശോധന ഗേറ്റുകൾ തുറന്നുവയ്ക്കേണ്ടി വന്നു. നേതാക്കളടക്കം 200 പേർക്ക് ആദ്യം തന്നെ ടിക്കറ്റ് എടുത്തിരുന്നു. എന്നാൽ ഇതിലുമധികം ആളുകൾ മെട്രോയ്ക്ക് അകത്തേക്ക് പ്രവേശിച്ചുവെന്നാണ് അനുമാനം.

പ്രവർത്തകരുടെ തിക്കും തിരക്ക് മൂലം ഉമ്മൻചാണ്ടിക്ക് ഇന്നലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കൊപ്പം ട്രയിനിൽ കയറാൻ സാധിച്ചിരുന്നില്ല. തൊട്ടടുത്ത ട്രയിനിലാണ് ഇദ്ദേഹം യാത്ര ചെയ്തത്. സുരക്ഷ പരിശോധനയ്ക്കായി സ്ഥാപിച്ച മെറ്റൽ ഡിറ്റക്ടറുകൾ ഇളകിയാടിയെന്നും സുരക്ഷാ പരിശോധനയില്ലാതെ ആളുകൾ പ്ലാറ്റ്ഫോമിലേക്ക് ഇടിച്ച് കയറിയെന്നുമാണ് മെട്രോ അധികൃതരുടെ പരാതി.

ആയിരത്തിലധികം പേർ മെട്രോയിൽ ജനകീയ യാത്ര സമയത്ത് കയറി, തിരക്ക് മൂലം ട്രയിനിന്റെ വാതിലുകൾ അടക്കാനായില്ല, മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിൽ പ്ലാറ്റ്ഫോമിലും ട്രയിനിന് അകത്തും പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു തുടങ്ങിയ പരാതികൾ വേറെയുമുണ്ട്.

ആയിരം രൂപ പിഴയും ആറു മാസം വരെ തടവുമാണ് മെട്രോ നയം അനുസരിച്ച് ഇതിനുള്ള ശിക്ഷ. മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയവർക്കെതിരെ 500 രൂപയും പിഴയീടാക്കും. സാധാരണ ഗതിയിലുള്ള പ്രവര്‍ത്തനത്തെ താത്കാലികമായി തടസ്സപ്പെടുത്തുന്ന നടപടിയാണ് യുഡിഎഫിന്റെയും മുൻ മുഖ്യമന്ത്രിയുടെയും ഭാഗത്ത് നിന്നുണ്ടായതെന്നാണ് മെട്രോ അധികൃതരുടെ കണ്ടെത്തൽ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ