തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഉമ്മൻചാണ്ടിയും അർഹനാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ വയലാർ രവി. എന്നാൽ ഈ സ്ഥാനത്തേക്ക് ആരുടെയും പേരുകൾ പരസ്യമായി പ്രഖ്യാപിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
“ജാതികളും മതങ്ങളും ഇന്ത്യൻ സാഹചര്യങ്ങളിലെ യാഥാർത്ഥ്യമാണ്. അതിനെ ഒഴിവാക്കി മുന്നോട്ട് പോകാനാവില്ല. മാർക്സിസ്റ്റ് പാർട്ടി പോലും ജാതിയും മതവും പരിഗണിച്ചാണ് ഓരോ കാര്യത്തിലും തീരുമാനമെടുക്കുന്നത്.കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്കും ഈ കാര്യങ്ങൾ പരിഗണിക്കേണ്ടി വരും” അദ്ദേഹം പറഞ്ഞു.
അതേസമയം കോൺഗ്രസ്സിൽ തലമുറമാറ്റം വേണമെന്ന മണിശങ്കർ അയ്യരുടെ പ്രസ്താവനയെ വയലാർ രവി വിമർശിച്ചു. “പെട്ടെന്നൊരു ദിവസം പാർട്ടിക്കകത്തേക്ക് ഓടിക്കയറി വന്നയാളാണ് മണിശങ്കർ അയ്യർ. അദ്ദേഹത്തിന് കോൺഗ്രസിന്റെ ശൈലികൾ അറിയില്ല. കോൺഗ്രസിൽ എല്ലാകാലത്തും തലമുറ മാറ്റം ഉണ്ടായിട്ടുണ്ട്. അത് ഇനിയും ഉണ്ടാകും” അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.