കെപിസിസി അധ്യക്ഷനാകാൻ താനില്ല എന്ന നിലപാടിലുറച്ച് ഉമ്മൻ ചാണ്ടി. ചുമതലകൾ ഏറ്റെടുക്കാൻ തയ്യാറല്ല എന്ന് ഉമ്മൻ ചാണ്ടി ഹൈക്കമാൻഡിനെ അറിയിച്ചു. ഉമ്മന്‍ ചാണ്ടിയെ കെപിസിസിയുടെ പുതിയ അധ്യക്ഷനാക്കണമെന്നായിരുന്നു എ, ഐ ഗ്രൂപ്പുകളുടെ അഭിപ്രായം. ഹൈക്കമാന്‍‍ഡ് നേതാക്കള്‍ക്കും ഉമ്മന്‍ചാണ്ടി വരുന്നതിനോട് വിയോജിപ്പുണ്ടായിരുന്നില്ല. പക്ഷെ പാർട്ടിയിൽ ഒരു സ്ഥാനം ഏറ്റെടുത്ത് കൊണ്ട് പ്രവർത്തിക്കാൻ താനില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഉമ്മൻ ചാണ്ടി. എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിനേയും കണ്ട് ഉമ്മന്‍ ചാണ്ടി നിലപാട് അറിയിച്ചു. പുതിയ അധ്യക്ഷനെ ഹൈക്കമാന്‍ഡ് ഉടന്‍ പ്രഖ്യാപിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ബൂത്ത് തലത്തില്‍ തെരഞ്ഞെടുപ്പും മണ്ഡലം മുതല്‍ കെപിസിസി തലം വരെ ഭാരവാഹികളെ കണ്ടെത്തുന്നതിനോടും ഉമ്മന്‍ ചാണ്ടി യോജിപ്പ് അറിയിച്ചു. അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി അറിയിച്ചതോടെ പുതിയ പേരുകള്‍ ഹൈക്കമാന്‍ഡ‍് പരിഗണിക്കും. കൊടിക്കുന്നിൽ സുരേഷ്, കെ.സി വേണുഗോപാൽ എന്നിവരുടെ പേരുകൾ ഉയർന്ന് കേൾക്കുന്നുണ്ട്.

സംഘടന തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളുടെ വിശദാംശങ്ങള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രാഹുല്‍ ഗാന്ധിയെ അറിയിക്കും.സംഘടനാ തെരഞ്ഞെടുപ്പിന് മുമ്പ് കെപിസിസിക്ക് സ്ഥിരം അധ്യക്ഷനുണ്ടാകാനാണ് സാധ്യത.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ