തിരുവനന്തപുരം: കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നില്‍ സിപിഎമ്മിന്റെ ഗൂഢാലോചനയെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി. ഭരണസ സ്വാധീനം ഉപയോഗിച്ച് പ്രതികളെ രക്ഷിക്കാന്‍ സിപിഎം ശ്രമിച്ചാലും പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കാന്‍ ഏതറ്റം വരേയും പോകുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കോണ്‍ഗ്രസ് അക്രമ രാഷ്ട്രീയത്തെ ശക്തമായി അപലപിക്കുന്നുവെന്നും പ്രവര്‍ത്തകരുടെ വികാരം ഉള്‍ക്കൊണ്ടാണ് യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഞായറാഴ്ച രാത്രി എട്ടരയോടെ പെരിയക്കടുത്ത് കല്യോട്ട് വച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വെട്ടേറ്റ് മരിച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (19), ശരത് (23) എന്നിവരാണ് മരിച്ചത്. ശരത്തിനെ വിദഗ്‌ധ ചികിത്സയ്ക്കായി മംഗലാപുരത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.

ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ജീപ്പിലെത്തിയ സംഘം വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് വിവരം. സിപിഎമ്മാണ് അക്രമത്തിന് പിന്നിലെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. ഇതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി. ഞെട്ടിക്കുന്ന സംഭവമെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ട്വിറ്റിലൂടെയായിരുന്നു രാഹുല്‍ പ്രതികരിച്ചത്. കൊല്ലപ്പെട്ട പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും തന്റെ അനുശോചനം അറിയിക്കുന്നതായും രാഹുല്‍ പറഞ്ഞു. കൊലപാതകികളെ നീതിക്ക് മുന്നിലെത്തിക്കും വരെ തങ്ങള്‍ വിശ്രമിക്കില്ലെന്നും രാഹുല്‍ പറഞ്ഞു.

അതിനിടെ, ഹര്‍ത്താലില്‍ കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് നടത്തിയ ജാഥ അക്രമാസക്തമായി. പൊലീസ് ലാത്തിവീശി. കോഴിക്കോട് കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറുണ്ടായി. പലയിടത്തും വാഹനം തടയുകയും ബസിന് കല്ലെറിയുകയും ചെയ്തു.

അതേസമയം, യൂത്ത് കോണ്‍ഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയ കേസെടുത്തു. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെതിരെയാണ് കേസ്. ഇത് കോടതിയലക്ഷ്യമാണെന്ന് കേസില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കേസ് രാവിലെ പത്തരയോടെ കോടതി പരിഗണിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.