scorecardresearch

രണ്ട് പാലങ്ങൾ വലിയ ആഘോഷത്തോടെ തുറന്നതുകണ്ടപ്പോൾ അതിശയം തോന്നി: ഉമ്മൻചാണ്ടി

കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം പാലങ്ങള്‍ നിര്‍മിച്ചത് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിന്റെ നേതൃത്വത്തിലാണെന്നും ഉമ്മൻചാണ്ടി

oommen chandy, udf

കോട്ടയം: അഞ്ചു വര്‍ഷം മുൻപ് ആരവങ്ങളില്ലാതെ 245 പാലങ്ങള്‍ ഉദ്ഘാടനം ചെയ്ത സംസ്ഥാനത്ത് കൊച്ചിയിലെ രണ്ടു ഫ്‌ളൈഓവറുകള്‍ ഭരണം തീരാറായപ്പോള്‍, വലിയ ആഘോഷത്തോടെ തുറന്നതു കണ്ടപ്പോള്‍ അതിശയം തോന്നിയെന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി. വെെറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ ഉദ്ഘാടനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് സര്‍ക്കാര്‍ ഡിപിആര്‍ തയാറാക്കി ഭരണപരമായ അനുമതി കൊടുത്ത വൈറ്റില, കുണ്ടന്നൂര്‍ ഫ്‌ളൈഓവറുകള്‍ അഞ്ചു വര്‍ഷമെടുത്താണ് ഇടതുസര്‍ക്കാര്‍ പൂര്‍ത്തിയാക്കിയതെങ്കിലും അതിനെ സ്വാഗതം ചെയ്യുന്നുവെന്ന് ഉമ്മൻചാണ്ടി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

അതിവേഗം വളരുന്ന കൊച്ചിയില്‍ മെട്രോ ട്രെയിന്‍ കൂടി തുടങ്ങിയപ്പോള്‍, സുഗമമായ ഗതാഗതത്തിനാണ് എറണാകുളത്ത് ഇടപ്പള്ളി, അരൂര്‍ ദേശീയപാത ബൈപാസില്‍ പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂര്‍ ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ ഫ്‌ളൈഓവര്‍ നിര്‍മിക്കുന്നതു ഉള്‍പ്പെടെയുള്ള ഉത്തരവ് 2013 ജൂണ്‍ 14നു പുറപ്പെടുവിച്ചിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. ടോള്‍ പിരിവ് ഇല്ലാതെ നിര്‍മിക്കുന്നതിനായിരുന്നു യുഡിഎഫ് സർക്കാരിന്റെ കാലത്ത് തീരുമാനിച്ചതെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

Read Also: വി.എസ്.അച്യുതാനന്ദൻ ഔദ്യോഗിക വസതി ഒഴിഞ്ഞു; ഭരണപരിഷ്‌കാര കമ്മിഷൻ സ്ഥാനം ഉടൻ ഒഴിയും

ഇതില്‍ ഇടപ്പള്ളിയും പാലാരിവട്ടവും യുഡിഎഫിന്റെ കാലത്തു തന്നെ ഏതാണ്ട് പൂര്‍ത്തിയാക്കി യഥാക്രമം 2016 സെപ്റ്റംബറിലും ഒക്‌ടോബറിലും തുറന്നു. പാലാരിവട്ടം മേല്‍പ്പാലത്തിന്റെ 70 ശതമാനം യുഡിഎഫും 30 ശതമാനം ഇടതുസര്‍ക്കാരുമാണ് പൂര്‍ത്തിയാക്കിയത്. വൈറ്റില, കുണ്ടന്നൂര്‍ ഫ്‌ളൈഓവറുകള്‍ക്ക് ഡിപിആര്‍ തയാറാക്കി സ്‌പെഷന്‍ പര്‍പസ് വെഹിക്കിള്‍ രൂപീകരിച്ചു. കേരള റോഡ് ഫണ്ട് ബോര്‍ഡില്‍ നിന്ന് പ്രാഥമിക ചെലവുകള്‍ക്കുള്ള തുക അനുവദിച്ചു. അപ്പോഴേക്കും തിരഞ്ഞെടുപ്പ് വിജ്ഞാപനം എത്തിയെന്നും ഉമ്മൻചാണ്ടി.

കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം പാലങ്ങള്‍ നിര്‍മിച്ചത് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിന്റെ നേതൃത്വത്തിലാണ്. വര്‍ഷങ്ങളോളമായി മുടങ്ങിക്കിടക്കുന്നത് ഉള്‍പ്പെടെ 245 പാലങ്ങള്‍ ഈ കാലയളവില്‍ പൂര്‍ത്തിയാക്കി. യുഡിഎഫ് സര്‍ക്കാര്‍ തുടങ്ങിയതല്ലാത്ത ഒരു ഫ്‌ളൈഓവറോ പാലമോ ഇടതുസര്‍ക്കാര്‍ ചെയ്തിട്ടില്ല. യുഡിഎഫ് സര്‍ക്കാര്‍ ആഴ്ചയില്‍ ഒരു പാലം എന്ന നിരക്കില്‍ പാലങ്ങള്‍ തീര്‍ത്തപ്പോള്‍, ഇടതുസര്‍ക്കാര്‍ അഞ്ചു വര്‍ഷംകൊണ്ടൊരു പാലം എന്ന നയമാണ് സ്വീകരിച്ചതെന്നും ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Oomman chandi vytila kundannoor fly over

Best of Express