കോട്ടയം: രാജ്യസഭ സീറ്റ് തർക്കം സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾക്കിടയിൽ സൃഷ്ടിച്ച ഭിന്നത ശക്തമാകുന്നു. സീറ്റ് കേരള കോൺഗ്രസിന് വിട്ടുനൽകിയതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, എംഎം ഹസ്സൻ എന്നിവർക്കെതിരെ ഉയരുന്നത്.

അതിനിടെ തനിക്ക് സീറ്റ് കിട്ടുന്നത് ഒഴിവാക്കാനാണ് രാജ്യസഭ സീറ്റ് കേരള കോൺഗ്രസിന് വിട്ടുനൽകിയതെന്ന പിജെ കുര്യന്റെ ആരോപണത്തിന് മറുപടിയുമായി ഉമ്മൻ ചാണ്ടി രംഗത്തെത്തി. ഇന്ന് രാവിലെ മാധ്യമപ്രവർത്തകരോട് സംസാരിച്ച ഉമ്മൻചാണ്ടി, രാഹുൽ ഗാന്ധിക്ക് പരാതി നൽകാനുളള പിജെ കുര്യന്റെ തീരുമാനം ഉചിതമാണെന്ന് പറഞ്ഞു.

“എനിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് അദ്ദേഹം പരാതി നൽകുമെന്നാണല്ലോ പറഞ്ഞത്. പരാതി നൽകുമെന്നത് ഉചിതമായ തീരുമാനമാണ്. അപ്പോൾ കാര്യങ്ങൾ അദ്ദേഹത്തിന് മനസിലാകും,” ഉമ്മൻ ചാണ്ടി പറഞ്ഞു. അതേസമയം വിഷയത്തിൽ യുവ എംഎൽഎമാർക്ക് എതിരെ പിജെ കുര്യൻ ഉന്നയിച്ച വിമർശനങ്ങളും ഉമ്മൻ ചാണ്ടി പരാമർശിച്ചു.

“രാജ്യസഭ സീറ്റ് വിഷയത്തിൽ യുവ എംഎൽഎമാർ ആരുടെയൊക്കെയോ ചട്ടുകമായി പ്രവർത്തിച്ചു എന്നാണല്ലോ അദ്ദേഹം പറഞ്ഞത്. ആ വിഷയത്തിൽ പ്രതികരിക്കേണ്ടത് ഞാനല്ല. അത് യുവ എംഎൽഎമാർ തന്നെയാണ് അതിന്റെ മറുപടി പറയേണ്ടത്,” ഉമ്മൻ ചാണ്ടി പറഞ്ഞു.

രാജ്യസഭ സീറ്റിന്റെ കാര്യം താൻ ഒറ്റയ്ക്ക് തീരുമാനിച്ചതല്ലെന്ന് പറഞ്ഞ ഉമ്മൻ ചാണ്ടി ഇക്കാര്യത്തിൽ ഗൂഢാലോചനയുണ്ടെന്ന പിജെ കുര്യന്റെ ആരോപണത്തിൽ, മറുപടി പറയാനുളള ചുമതല ഉമ്മൻ ചാണ്ടി എംഎം ഹസനും രമേശ് ചെന്നിത്തലയ്ക്കും നൽകി. “ഞാൻ ഒറ്റയ്ക്കല്ല ഈ തീരുമാനം എടുത്തത്. അവരും കൂടി ചേർന്നാണ്. കൂട്ടായ തീരുമാനത്തിൽ എന്തെങ്കിലും ഗൂഢാലോചന നടന്നോയെന്ന് പറയേണ്ടത് അവരാണ്,” അദ്ദേഹം പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ