വടകര: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ നിരാഹാരം അനുഷ്ഠിക്കുന്ന സഹോദരി അവിഷ്ണയെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സന്ദർശിച്ചു. വടകരയിലെ ജിഷ്ണുവിന്റെ വീട്ടിലെത്തിയാണ് അദ്ദേഹം അവിഷ്ണയുമായി സംസാരിച്ചത്.

വിഷയത്തിൽ സംസ്ഥാന സർക്കാർ പത്രപരസ്യം നൽകിയ നടപടി ന്യായമോ അന്യായമോ എന്ന് പറയാതിരുന്ന അദ്ദേഹം പരസ്യത്തിൽ പറഞ്ഞ കാര്യങ്ങൾ കുടുംബാംഗങ്ങളെ ബോധ്യപ്പെടുത്താൻ സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചു. “ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്ന കുടുംബാംഗങ്ങളെയാണ് ആദ്യം ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്തേണ്ടത്. ഇതിന് സർക്കാരിന് സാധിക്കാത്തത് എന്തുകൊണ്ടാണ്. ജിഷ്ണുവിന്റെ അമ്മയെയും മറ്റ് കുടുംബാംഗങ്ങളെയും സന്ദർശിക്കില്ലെന്ന് മുഖ്യമന്ത്രി നിലപാടെടുത്തത് എന്തുകൊണ്ടാണ്?” അദ്ദേഹം ചോദിച്ചു.

അവിഷ്ണ വെള്ളം പോലും കുടിക്കാതെയാണ് നിരാഹാരം അനുഷ്ഠിക്കുന്നതെന്ന് പറഞ്ഞ ഉമ്മൻചാണ്ടി ഉപ്പിട്ട ചൂടുവെള്ളം പെൺകുട്ടിയ്ക്ക് നൽകണമെന്ന് നിർദ്ദേശിച്ചു. “ഇങ്ങിനെ സമരം ചെയ്യുന്നത് വലിയ അപകടമാണ്. ഭാവിയിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് ഇത് കാരണമാകും. അതിനാലാണ് ഗാന്ധിജി മുതൽ ഇങ്ങോട്ട് എല്ലാവരും നിരാഹാര സമരം നടത്തിയപ്പോൾ ഉപ്പിട്ട ചൂടുവെള്ളം കുടിക്കുന്നത്.” അദ്ദേഹം പറഞ്ഞു.

“ഇത് ചെയ്യാമെന്ന് അവിഷ്ണ സമ്മതിച്ചിട്ടുണ്ടെ”ന്നും അദ്ദേഹം  കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം സിപിഎം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഉമ്മൻചാണ്ടി തള്ളി.  “മകൻ മരിച്ച അമ്മയുടെ ദുഃഖം യുഡിഎഫും കോൺഗ്രസും മുതലെടുക്കുന്നുവെന്നാണ് സിപിഎം കുറ്റപ്പെടുത്തിയത്. അത്തരം നിലപാട് ഒരിക്കലും യുഡിഎഫിനോ കോൺഗ്രസിനോ എടുക്കാൻ സാധിക്കില്ല. ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയല്ലാതെ മറ്റ് ഗൂഢ ലക്ഷ്യങ്ങളൊന്നും സർക്കാരിനില്ല” അദ്ദേഹം പറഞ്ഞു.

“ഈ പ്രശ്നം ഒരു നിമിഷം മുൻപെങ്കിൽ ഒരു നിമിഷം മുൻപ് തീർക്കണം. അതിന് എന്ത് സഹായം വേണമെങ്കിലും ചെയ്യാൻ കോൺഗ്രസും യുഡിഎഫും തയ്യാറാണ്. ഇതിൽ രാഷ്ട്രീയം കലർത്താൻ ശ്രമിക്കരുത്. ഏത് വിധത്തിൽ വേണമെങ്കിലും പ്രശ്നം തീർക്കാൻ പ്രതിപക്ഷം സഹായിക്കും”​അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഷാജിർ ഖാൻ, ഷാജഹാൻ, സ്വാമി ഹിമവൽ ഭദ്രാനന്ദ എന്നിവരെ അറസ്റ്റ് ചെയ്ത നടപടി ശരിയല്ലെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. “അവിടെ യാതൊരു അക്രമവും നടന്നിട്ടില്ല. പൊലീസിനെ ആക്രമിച്ചിട്ടില്ല. പൊതുമുതൽ നശിപ്പിച്ചിട്ടില്ല. ഹിമവൽ ഭദ്രാനന്ദ അന്ന് രാവിലെ 11 മണിക്ക് ഡിജിപി യെ കാണാൻ അനുമതി വാങ്ങി പോയതാണ്. അക്കാര്യം ഡിജിപിയോട് ചോദിച്ചാൽ അറിയാമല്ലോ?” ഉമ്മൻ ചാണ്ടി ചോദിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ