തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ഇത്തവണ താമസിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂണ്‍ നാലാം തീയതിയോടെയാകും കാലവര്‍ഷം സംസ്ഥാനത്ത് എത്തുക.
സാധാരണയായി ജൂണ്‍ ഒന്നിന് തന്നെ സംസ്ഥാനത്ത് കാലവര്‍ഷം ആരംഭിക്കേണ്ടതാണ്. നാല് മാസം നീണ്ടു നില്‍ക്കുന്ന മഴക്കാലത്തിനാണ് തുടക്കമാകുന്നത്. രാജ്യത്ത് 75 ശതമാനം മഴയും ഈ കാലയളവിലാണ് ലഭിക്കുന്നത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഒരു തവണ മാത്രമാണ് കാലവര്‍ഷം ജൂണ്‍ ഒന്നിന് ആരംഭിച്ചത്. 2018, 2022 വര്‍ഷങ്ങളില്‍ കാലവര്‍ഷം നേരത്തെ എത്തിയിരുന്നു. അതേസമയം, 2019, 2021 വര്‍ഷങ്ങളില്‍ താമസിക്കുകയും ചെയ്തു.
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. മലയോര മേഖലകളിലാണ് മഴ സാധ്യത കൂടുതല്‍. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയുമാണ് . പൊതുജനങ്ങള്‍ ഇടിമിന്നല്‍ ജാഗ്രത മുന്നറിയിപ്പുകള്‍ പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.
നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. തെക്ക് മധ്യ ജില്ലകളിലാണ് മഴ സാധ്യത കൂടുതല്‍. അടുത്ത് രണ്ട് ദിവസത്തേയ്ക്ക് രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ താപനില വര്‍ധിക്കാനും സാധ്യതയുണ്ട്. കേരള – കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.