തിരുവനന്തപുരം: തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. സ്ത്രീപ്രവേശന വിധിക്ക് ശേഷം ആദ്യമായാണ് ശബരിമല നട തുറക്കുന്നത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വൈകിട്ട് അഞ്ച് മണിക്കാണ് പൂജകള്‍ക്കായി നട തുറക്കുക. രാവിലെ 9 മണി മുതല്‍ ഭക്തര്‍ക്ക് പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് പ്രവേശിക്കാം. സ്ത്രീ പ്രവേശന വിധിയുടെ പശ്ചാത്തലത്തില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരിടത്തും ഏര്‍പ്പെടുത്തിയിട്ടില്ല. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ സന്നിധാനത്ത് ഇന്ന് അവലോകന യോഗവും നടക്കും.

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് ചില സംഘടനകള്‍. ഇവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം വിശ്വാസികളുടെ വാഹനം പരിശോധിച്ച് അക്രമം കാണിച്ചിരുന്നു. ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ സ്വന്തമായി നടപടിയെടുത്തിട്ടില്ലെന്നും കോടതി വിധി നടപ്പിലാക്കുക മാത്രമാണ് ചെയ്തതെന്നും മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിളിച്ച സമവായ ചര്‍ച്ച പരാജയപ്പെട്ടു. ശബരിമലയുമായി ബന്ധപ്പെട്ട സംഘടനകളും തന്ത്രി കുടുംബവും പന്തളം രാജകുടുംബവും പങ്കെടുത്ത യോഗം തീരുമാനമാകാതെ പിരിയുകയായിരുന്നു.

വിധിക്കെതിരെ റിവ്യൂ ഹര്‍ജി ഉടന്‍ നല്‍കണമെന്ന ആവശ്യമാണ് ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികള്‍ മുന്നോട്ടുവച്ചത്. എന്നാല്‍ സുപ്രീം കോടതി പൂജ അവധിക്ക് പിരിഞ്ഞിരിക്കുന്നതിനാല്‍ റിവ്യൂ ഹര്‍ജി ഉടന്‍ നല്‍കാനാവില്ലെന്നും 19 ന് ചേരുന്ന ബോര്‍ഡ് യോഗത്തില്‍ ഇതിനെക്കുറിച്ച് തീരുമാനം എടുക്കാമെന്നുമാണ് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികള്‍ തയ്യാറായില്ല. ഇതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്.

യോഗത്തില്‍നിന്ന് ഇറങ്ങിപ്പോരുകയായിരുന്നുവെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പന്തളം രാജകുടുംബാംഗം ശശികുമാര വര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ നിലപാട് ദുഃഖകരമാണ്. മറ്റ് സംഘടനകളുമായി ആലോചിച്ച് ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, റിവ്യൂ ഹര്‍ജി വേണ്ടെന്ന് വച്ചിട്ടില്ലെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ വ്യക്തമാക്കിയത്. 19 ന് ചേരുന്ന യോഗത്തില്‍ നിയമ നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്ത് ഇക്കാര്യം തീരുമാനിക്കാമെന്നാണ് പറഞ്ഞത്. എന്നാല്‍ ഇത് ചര്‍ച്ചയ്‌ക്കെത്തിയവര്‍ അംഗീകരിച്ചില്ല. ചര്‍ച്ച മുന്നോട്ട് കൊണ്ടുപോകാനാണ് ആഗ്രഹം. ദേവസ്വം ബോര്‍ഡ് ഇനിയും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല വിഷയത്തില്‍ ഹൈന്ദവ സംഘടനകള്‍ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് വീണ്ടും സമവായ നീക്കവുമായി ദേവസ്വം ബോര്‍ഡ് രംഗത്തുവന്നത്. തുലാമാസ പൂജകള്‍ക്കായി 17 നാണ് ശബരിമല നട തുറക്കുക. ഇതിനു മുന്‍പ് പ്രശ്‌ന പരിഹാരത്തിനാണ് ദേവസ്വം ബോര്‍ഡിന്റെ ശ്രമം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.