കൊച്ചി: കൊച്ചി നഗരത്തിലെ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഡ്രൈവര്‍മാരുടെ സമരം. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രമുഖ ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ യൂബര്‍, ഒല എന്നീ കന്പനികളുമായി ഡ്രൈവര്‍മാര്‍ സഹകരിക്കില്ലയെന്ന് വ്യക്തമാക്കി കഴിഞ്ഞു. സംയുക്ത തൊഴിലാളി സംഘടനയുടേതാണ് തീരുമാനം.
സർക്കാർ നിശ്ചയിച്ച മിനിമം വേതനം ഡ്രൈവര്‍മാര്‍ക്ക് ഉറപ്പാക്കുക, ഓൺലൈൻ കമ്പനികൾ അമിത കമ്മീഷൻ ഈടാക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് ടാക്സി തൊഴിലാളികളുടെ സമരം. ഓണ്‍ലൈന്‍ ടാക്‌സി മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഗതാഗത മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് അനിശ്ചിത കാല സമരത്തിലേക്ക് നീങ്ങാൻ സംഘടനകൾ തീരുമാനിച്ചത്.
പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ശാശ്വതമായ പരിഹാരമാര്‍ഗം കണ്ടെത്തുന്നതുവരെ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് ഓണ്‍ലൈന്‍ ടാക്‌സി സംയുക്ത സമര സമിതി വ്യക്തമാക്കി. തങ്ങളുടെ ആവശ്യങ്ങള്‍ ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ അംഗീകരിക്കുന്നില്ല എങ്കിൽ വരും ദിവസങ്ങളില്‍ ഓൺലൈൻ ടാക്‌സി മേഖല പൂർണമായും സ്തംഭിപ്പിക്കുമെന്നും അവർ പറഞ്ഞു.