scorecardresearch

യൂബർ, ഓല മോഡലിൽ സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ടാക്സി ഓട്ടോ സർവീസ് നവംബർ ഒന്ന് മുതൽ

പദ്ധതി നടപ്പാക്കുക ഗതാഗതം, ഐറ്റി, പോലിസ്, ലീഗൽ മെട്രോളജി എന്നീ വകുപ്പുകളുടെ സഹകരണത്തോടെ

Auto, E Auto, Online Auto, Taxi, IE Malayalam

തിരുവനന്തപുരം: കേരളത്തിലെ വാണിജ്യ വാഹനങ്ങൾക്കായി യൂബർ, ഓല മോഡലിൽ സർക്കാർ നേതൃത്വത്തിൽ ആരംഭിക്കുന്ന ഓൺലൈൻ ടാക്സി ഓട്ടോ സംവിധാനം നവംബർ ഒന്നിന് ഉദ്ഘാടനം ചെയ്യും. തൊഴിൽ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം.

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ ഗതാഗതം, ഐറ്റി, പോലിസ്, ലീഗൽ മെട്രോളജി എന്നീ വകുപ്പുകളുടെ സഹകരണത്തോടെ ആരംഭിക്കുന്ന ഓൺലൈൻ ടാക്സി ഓട്ടോ സമ്പ്രദായത്തിന്റെ നിയന്ത്രണം ലേബർ കമ്മീഷണറേറ്റിനാണെന്ന് തൊഴിൽ മന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

“ഓൺലൈൻ ടാക്സി ഓട്ടോ സംവിധാനം നടപ്പിലാക്കുന്നത് കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് മുഖേന ആയിരിക്കണം. ഇതിനുള്ള സാഹചര്യങ്ങളും ബോർഡ് ഒരുക്കും,” വാർത്താക്കുറിപ്പിൽ പറയുന്നു.

“ഓൺലൈൻ ടാക്സി ഓട്ടോ സംവിധാനത്തിന്റെ നടത്തിപ്പിലേക്കായി കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് ഫണ്ട് ചെലവഴിക്കില്ല. എന്നാൽ ഓൺലൈൻ ടാക്സി ഓട്ടോ സംവിധാനത്തിന്റെ പരസ്യചെലവിന് ആവശ്യമായ തുക കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് അഡ്വാൻസ് ചെയ്യും. ഈ തുക പദ്ധതി നടപ്പാക്കുമ്പോൾ സർക്കാരിന് ലഭിക്കുന്ന തുകയിൽ നിന്ന് തിരികെ ലഭ്യമാക്കും.”

“നിലവിലെ കോവിഡ് സാഹചര്യങ്ങൾ മൂലമുള്ള സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പദ്ധതിയിൽ അംഗങ്ങൾ ആകുന്ന വാഹനങ്ങൾക്ക് ജിപിഎസ് ഘടിപ്പിക്കേണ്ടതില്ല. പകരം സ്മാർട്ട് ഫോൺ ജിപിഎസ് നാവിഗേഷനായി ഉപയോഗിക്കാവുന്നതാണ്,” വാർത്താക്കുറിപ്പിൽ പറയുന്നു.

പദ്ധതിയുടെ പൈലറ്റ് പ്രൊജക്ട് തിരുവനന്തപുരം ജില്ലയിലാണ് നടപ്പാക്കുക. ഇതിന് മുന്നോടിയായി ട്രയൽ റൺ നടത്തും. ലേബർ കമ്മിഷണറേയും കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിനേയും ഐ ടി ഐ ലിമിറ്റഡിനേയും ഓൺലൈൻ ടാക്സി ഓട്ടോ സംവിധാനം കാര്യക്ഷമമായി നടപ്പാക്കുന്നതിനായി ചുമതലപ്പെടുത്തിയതായും തൊഴിൽ മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Online taxi auto service by kerala government from november