തിരുവനന്തപുരം: മൂന്നാം ഘട്ട ലോക്ക്ഡൗണ്‍ മേയ് 17 നു അവസാനിക്കാനിരിക്കെ സംസ്ഥാനത്ത് മദ്യവിൽപ്പന പുനരാരംഭിക്കും. എന്നാൽ, കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഓൺലൈൻ ടോക്കൺ ഏർപ്പെടുത്തിയായിരിക്കും മദ്യവിൽപ്പന. മദ്യവിൽപ്പനയ്‌ക്ക് വെർച്വൽ ക്യൂ ഏർപ്പെടുത്തും. ഓൺലൈനിൽ മദ്യത്തിനായി ബുക്കിങ് നടത്താം. ഓൺലൈനിലൂടെ ലഭിക്കുന്ന ടോക്കണിൽ മദ്യത്തിനായി വരി നിൽക്കേണ്ട സമയമടക്കം ഉണ്ടാകും.
Read Also: അതിവേഗ അർധസെഞ്ചുറി; തന്റെ റെക്കോർഡ് തകർക്കാൻ സാധ്യതയുള്ള ഇന്ത്യൻ താരങ്ങളെ തിരഞ്ഞെടുത്ത് യുവി
ഓരോരുത്തർക്കും ലഭിക്കുന്ന സമയത്ത് മാത്രം മദ്യം വാങ്ങാൻ എത്തുന്ന രീതിയിലേക്ക് കാര്യങ്ങൾ സജ്ജീകരിക്കും. തിരക്ക് കുറയ്‌ക്കാൻ വേണ്ടിയാണ് ഇത്തരം നടപടികൾ. പ്രത്യേക ആപ് തയ്യാറാക്കിയായിരിക്കും ഓൺലൈൻ ബുക്കിങ്. ഒരേസമയം, വരിയിൽ അഞ്ച് പേരിൽ കൂടുതൽ എത്താത്ത രീതിയിലായിരിക്കും ക്രമീകരണം. ബാറിൽ മദ്യക്കുപ്പി വിൽക്കാനും തീരുമാനമായിട്ടുണ്ട്.
മദ്യത്തിന് വില കൂടും
സംസ്ഥാനത്ത് മദ്യവില കൂടും. വിദേശ മദ്യത്തിന് 10 മുതൽ 35 ശതമാനം വരെ സെസ് ഏർപ്പെടുത്താൻ മന്ത്രിസഭ തീരുമാനിച്ചു. ബിയറിനും വൈനിനും 10 ശതമാനം വീതവും ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് പരമാവധി 35 ശതമാനം വരെയുമായിരിക്കും സെസ് എന്നാണ് സൂചന. ഇതു സംബന്ധിച്ച ഓർഡിനൻസ് ഉടൻ പുറത്തിറക്കും. ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ ഉണ്ടാകാനിടയുളള തിരക്ക് കണക്കിലെടുത്ത് ഓൺലൈനിൽ മദ്യ വിൽപനയ്ക്കുളള സാധ്യത സർക്കാർ പരിശോധിക്കുന്നുണ്ട്. ഇതിനായി ബെവ്‌കോ എംഡി ജി.സ്പര്‍ജന്‍ കുമാറിന്റെ നിര്‍ദേശപ്രകാരം കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ വിവിധ കമ്പനികളുടെ പരിശോധന തുടങ്ങിയിട്ടുണ്ട്.
സംസ്ഥാനത്തെ കള്ള് ഷാപ്പുകൾ തുറന്നു
സംസ്ഥാനത്തെ കള്ള് ഷാപ്പുകള്‍ ഇന്നു തുറന്നു. രാവിലെ ഒമ്പത് മണി മുതൽ വൈകുന്നേരം ഏഴ് മണി വരെയാണ് ഷാപ്പുകൾ പ്രവർത്തിക്കുക. എന്നാൽ ഇരുന്ന് കുടിക്കാൻ സാധിക്കില്ല. കള്ള് വാങ്ങാൻ എത്തുന്നവർ കൈയ്യിൽ കുപ്പി കരുതണം. ഒരാൾക്ക് പരമാവധി 1.5 ലിറ്റർ കള്ളാണ് അനുവദിക്കുക. ഒരു ലിറ്ററിന് 120 രൂപയാണ് വില. അതേസമയം ഷാപ്പിൽ ഭക്ഷണം പാകം ചെയ്യാനോ വിൽക്കാനോ അനുവാദമില്ല.
Read Also: ഇനിയങ്ങോട്ട് വീട്ടിലിരുന്ന് ജോലി ചെയ്താൽ മതി; ജീവനക്കാരോട് ട്വിറ്റർ
ഷാപ്പിനുള്ളില്‍ ഉപഭോക്താക്കളെ പ്രവേശിപ്പിക്കരുത്. പുറത്ത് കൗണ്ടറുകള്‍ സജ്ജീകരിക്കണം. വില്‍പ്പനയ്ക്ക് മുന്‍പും ശേഷവും ഷാപ്പും പരിസരവും അണുവിമുക്തമാക്കുകയും ജോലിക്കാരുടെ എണ്ണം ക്രമീകരിക്കുകയും ചെയ്യണം. ജോലിക്കാര്‍ നിര്‍ബന്ധമായും കൈയ്യുറയും മാസ്‌കും ധരിക്കണം. വാങ്ങാനെത്തുന്നവരും മാസ്‌ക് ധരിക്കണം. ക്യൂവില്‍ ഒരു സമയം 5 പേരില്‍ കൂടുതല്‍ ഉണ്ടാകരുത്. പരിസരത്ത് കൂട്ടംകൂടാനോ അവിടെ നിന്ന് കുടിക്കാനോ അനുവാദമില്ല. കള്ളുകൊണ്ടുവരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ കോവിഡ് പ്രതിരോധ സുരക്ഷ ഉറപ്പാക്കണം.