മലപ്പുറം: ഓൺലൈൻ സാന്പത്തിക തട്ടിപ്പിന് ബാങ്ക് മാനേജരും ഇരയായി. നിലമ്പൂർ ചന്തക്കുന്ന് എസ്ബിടി ബ്രാഞ്ച് മാനേജർ കണ്ണൻ ജി.ആർ ആണ് ഓൺലൈൻ തട്ടിപ്പിന് ഇരയായത്. കണ്ണന്റെ 47,000 രൂപയാണ് തട്ടിപ്പിലൂടെ നഷ്ടമായത്.

എസ്ബിഐയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാറുണ്ടായിരുന്ന കണ്ണൻ, ഇന്നലെ 10 മണിയോടെയാണ് മൊബൈൽ ഫോണിൽ 60 ഓളം മെസേജുകൾ വന്നത് ശ്രദ്ധയിൽപ്പെട്ടത്. വിവിധ രാജ്യാന്തര ഓൺലൈൻ സൈറ്റുകളിൽ നിന്ന് സാധനങ്ങൾ വാങ്ങി ഓൺലൈനിലൂടെ പണം നൽകിയതിന്റെ അറിയിപ്പുകളായിരുന്നു അവ. പക്ഷേ, ഒടിപി നമ്പറുകൾ ആവശ്യപ്പെട്ടു കൊണ്ടുളള ഫോൺ കോളുകളൊന്നും ലഭിച്ചിരുന്നില്ല.

മൊബൈൽ ഫോണിലേക്ക് ഒടിപി നമ്പറുകൾ അയക്കപ്പെട്ടിരുന്നുമില്ല. സാധാരണ ഡെബിറ്റ് കാർഡുകളും ക്രെഡിറ്റ് കാർഡുകളും ഉപയോഗിച്ച് വാങ്ങൽ നടത്തുമ്പോൾ ഒടിപി നമ്പറുകൾ ആവശ്യപ്പെടാറുണ്ട്. ബാങ്ക് മാനേജരുടേത് ഇന്റർനാഷണൽ ക്രെഡിറ്റ് കാർഡായിരുന്നു. രാജ്യാന്തരതലത്തിലുള്ള വാങ്ങലുകൾക്ക് ഒടിപി നമ്പർ ആവശ്യമില്ല. ഈ കാർഡ് ഉപയോഗിച്ച് 6 മാസം മുമ്പ് പണമിടപാടുകൾ ഓൺലൈനായി നടത്തിയിരുന്നു. 50000 രൂപ വരെയേ ക്രെഡിറ്റിൽ ലഭ്യമാകൂ എന്ന ലിമിറ്റ് കാർഡിൽ ഉളളതുകൊണ്ടാണ് കൂടുതൽ തുക നഷ്ടപ്പെടാതിരുന്നത് എന്നാണ് കരുതപ്പെടുന്നത്.

അറുപതോളം മെസേജുകള്‍ വന്നപ്പോഴാണ് മാനേജര്‍ ശ്രദ്ധിച്ചത്. ഉടന്‍ തന്നെ ക്രെഡിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്തു. അന്താരാഷ്ട്ര ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് ഒടിപി ചോദിക്കാറില്ലെന്നാണ് എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് അധികൃതരില്‍ നിന്ന് ലഭിച്ചതെന്ന് മാനേജര്‍ കണ്ണന്‍ ജി ആര്‍ പറഞ്ഞു.
നെറ്റ്ഫ്ലിക്സ് , വാൾമാർട്ട് എന്നീ സ്ഥാപനങ്ങളുമായിട്ടാണ് ഈ കാർഡ് ഉപോയഗിച്ച് ഇടപാട് നടന്നിരിക്കുന്നത്. വിദേശ ഇടപാടുകളായതിനാല്‍ സ്റ്റേറ്റ്‌മെന്റ് എടുക്കാന്‍ സമയമെടുക്കുമെന്നും അതു ലഭിച്ചാല്‍ എവിടെയാണ് ഇടപാടുകള്‍ നടന്നിട്ടുള്ളതെന്നും കണ്ടെത്താന്‍ കഴിയുമെന്നാണ് അധികൃതരുടെ വിശദീകരണം

നിലമ്പൂർ പൊലീസ് കേസെടുത്തു. പോയിന്റ് ഓഫ് സെയിൽ പണം നഷ്ടപ്പെടാതിരിക്കാൻ വേണ്ടി ഓൺലൈൻ സൈറ്റുകൾക്ക് ബാങ്ക് മുഖേന നിർദ്ദേശം നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ