കൊച്ചി: സാങ്കേതിക സൗകര്യങ്ങൾ ഒരുക്കുംവരെ ഓൺലൈൻ ക്ലാസുകൾ നിർത്തിവയ്‌ക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. പരീക്ഷണ സംപ്രേഷണം മാത്രമാണ് നടക്കുന്നതെന്നും ക്ലാസുകൾ ഈ മാസം 14 മുതലാണ് ആരംഭിക്കുന്നതെന്നും സർക്കാർ വ്യക്തമാക്കി. സർക്കാർ നിലപാട് രേഖപ്പെടുത്തിയാണ് ഓൺലൈൻ ക്ലാസുകൾ നിർത്തിവയ്‌ക്കണമെന്ന ഹർജിയിലെ ആവശ്യം കോടതി നിരസിച്ചത്. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിനെ തുടർന്ന് വിദ്യാർഥിനി ആത്മഹത്യ ചെയ്‌ത സംഭവം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്‌തത്.

ആദിവാസി മേഖലകൾ, വിദൂരസ്ഥലങ്ങൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിൽ സാങ്കേതിക സൗകര്യങ്ങൾ ലഭ്യമല്ലെന്നും ഇവിടങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യസം നഷ്ടമാവുമെന്നും ചൂണ്ടിക്കാട്ടി കാസർഗോഡ് വെള്ളരിക്കുണ്ട് സ്വദേശിനി സി.സി.ഗിരിജ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. വിഷയത്തിലെ പൊതുതാൽപ്പര്യം കണക്കിലെടുത്ത് ഹർജി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്‌ക്ക് വിട്ടു.

Read Also: മീട്ടു പൂച്ചയും തങ്കു പൂച്ചയും…, തരംഗമായി ഓൺലെെൻ ക്ലാസുകൾ; ആദ്യദിനം വിജയകരം

അതേസമയം, സംസ്ഥാനത്ത് 41 ലക്ഷം കുട്ടികളാണ് ഒന്ന് മുതല്‍ 12-ാം ക്ലാസ് വരെ പൊതുവിദ്യാലയങ്ങളുടെ ഭാഗമായുള്ളതെന്ന് മുഖ്യമന്ത്രി ഇന്നലെ കണക്കുകൾ വിശദീകരിച്ച് വ്യക്‌തമാക്കിയിരുന്നു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടാതെയുള്ള കണക്കാണിത്. പ്ലസ് വണ്‍ പ്രവേശനം നടന്നിട്ടില്ല. ജൂണ്‍ മാസം കുട്ടികളുടെ ക്ലാസുകള്‍ ആരംഭിക്കുന്ന സമയമാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ തുറക്കാന്‍ കഴിയാത്ത സാഹചര്യം ഉടലെടുത്തു. ഈ പശ്ചാത്തലത്തിലാണ് കുട്ടികള്‍ക്ക് പഠിക്കാനുള്ള സൗകര്യമൊരുക്കാന്‍ തീരുമാനിച്ചത്. വിദ്യാഭ്യാസ വകുപ്പ് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കുള്ള പദ്ധതികളാണ് തയ്യാറാക്കിയത്. വിക്ടേഴ്‌സ് ചാനല്‍ വഴിയും വിക്ടേഴ്‌സിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയും കുട്ടികളെ പഠിപ്പിക്കുകയെന്നതായിരുന്നു തീരുമാനം.

അതിന്റെ ഭാഗമായി ജൂണ്‍ 1ന് ഓണ്‍ലൈന്‍ പഠനം ആരംഭിച്ചു. വലിയ സ്വീകാര്യതയാണ് ഓണ്‍ലൈന്‍ പഠനത്തിന് ലഭിച്ചത്. പല ക്ലാസുകളും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും നന്നായി ഇഷ്ടപ്പെട്ടു എന്നാണ് അവരുടെ പ്രതികരണങ്ങളില്‍ നിന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്.

Read Also: ഒരു ജില്ലയെ കുറിച്ചുള്ള വിദ്വേഷ പ്രചാരണത്തിൽ ലജ്ജ തോന്നുന്നു: പാർവതി തിരുവോത്ത്

പൊതുവിദ്യാഭ്യാസ വകുപ്പ് ആദ്യമായാണ് ഇത്തരം ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. 41 ലക്ഷം കുട്ടികളെയും ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുപ്പിക്കുകയെന്ന വലിയ ഉത്തരവാദിത്വം നമ്മുടെ മുന്നില്‍ ഉണ്ടായിരുന്നു. ഓണ്‍ലൈൻ സംബന്ധിച്ച് തീരുമാനമെടുത്തപ്പോള്‍ തന്നെ എത്രത്തോളം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ സാധ്യമാകുമെന്ന പരിശോധനയും വിദ്യാഭ്യാസ വകുപ്പ് നടത്തിയിട്ടുണ്ട്. അധ്യാപകര്‍ തന്നെ കുട്ടികളും രക്ഷിതാക്കളുമായി ബന്ധപ്പെടാനും പരിശോധന നടത്താനുമായിരുന്നു തീരുമാനിച്ചത്.

വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക് പ്രകാരം 41 ലക്ഷത്തില്‍ 2,61,784 കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമില്ല എന്ന് കണ്ടെത്തിയിരുന്നു. സര്‍ക്കാരിനെ സംബന്ധിച്ച് ഈ 2,61,784 കുട്ടികളും ഓണ്‍ലൈന്‍ സംവിധാനത്തിനൊപ്പം ചേര്‍ത്തു നിര്‍ത്തേണ്ടവര്‍ തന്നെയാണ്. ഇവര്‍ക്കും പഠനം സാധ്യമാക്കാം എന്ന ഉറപ്പ് സര്‍ക്കാരിനുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook