തിരുവനന്തപുരം: സംസ്ഥാനത്തെ പഠന, അധ്യാപന രീതികളില്‍ കാതലായ മാറ്റവുമായി പുതിയ അധ്യയന വര്‍ഷം ഇന്ന് തുടങ്ങുന്നു. പതിവു പോലെ കാലവര്‍ഷമെത്തുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ടെങ്കിലും മഴ നനഞ്ഞെത്തുന്ന കുട്ടികളേയും പ്രവേശനോത്സവ മധുരമൊരുക്കി ബലൂണുമായി കാത്തിരിക്കുന്ന അധ്യാപകരേയും ഈ വര്‍ഷം ജൂണ്‍ ഒന്നിന് കാണാന്‍ കഴിയില്ല. പകരം, കുട്ടികള്‍ വീട്ടിലിരുന്ന് വിക്ടേഴ്സ് ചാനലിലൂടെയും ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും പഠിക്കുന്ന അധ്യയന വര്‍ഷത്തിന് തുടക്കമാകും. അധ്യാപകര്‍ വാട്സ്ആപ്പിലും ഫോണിലുമായി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കും. കൊറോണ വൈറസ് വ്യാപന ഭീതി നിലനില്‍ക്കുന്നതിനാലാണ് പുതിയ മാറ്റങ്ങള്‍.
ഓരോ ക്ലാസിലെയും വിവിധ വിഷയങ്ങളുടെ പാഠഭാഗങ്ങള്‍ നിശ്ചിത സമയക്രമത്തില്‍ വിദ്യാഭ്യാസവകുപ്പിന്റെ ടെലിവിഷന്‍ ചാനലായ വിക്ടേഴ്സിലും ലഭ്യമായ മറ്റ് ഓണ്‍ലൈന്‍ സംവിധാനങ്ങളിലും സംപ്രേഷണം ചെയ്യുകയും കുട്ടികള്‍ വീട്ടിലിരുന്ന് അത് കാണുകയും ചെയ്യുന്ന രീതിയിലാണ് നാളെ ക്ലാസുകള്‍ ആരംഭിക്കുന്നത്. ആവശ്യമായ ഇന്‍പുട്ടുകളോടെ, വീഡിയോ രൂപത്തില്‍ വിദഗ്ധര്‍ അവതരിപ്പിക്കുന്ന ക്ലാസുകളെ സംബന്ധിച്ചുള്ള ചര്‍ച്ചയും സംശയദൂരീകരണവും ഓരോ ക്ലാസിലെയും കുട്ടികളെ ഉള്‍പ്പെടുത്തി അധ്യാപകര്‍ തയ്യാറാക്കുന്ന വാട്സ്ആപ് ഗ്രൂപ്പുകളിലാണ് നടക്കുക.
പ്രീ സ്കൂള്‍ മുതല്‍ പ്ലസ്ടു വരെ ഓണ്‍ലൈന്‍ ക്ലാസ്സുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ സംബന്ധിച്ച് സ്കൂളുകള്‍ക്ക് വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു. രാവിലെ 10ന് ഓണ്‍ലൈന്‍ പ്രവേശനോത്സവം ജില്ലാ വിദ്യാഭ്യാസ മേധാവികള്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍, ഹെഡ് മാസ്റ്റര്‍, പിടിഎ/ എം.പിടിഎ/ ജനപ്രതിനിധികള്‍, അതത് ക്ലാസ് ടീച്ചര്‍ എന്നിവരുടെ ആശംസാ സന്ദേശത്തോടെയാണ് ആരംഭിക്കുക. വിക്ടേഴ്സ് ചാനലില്‍ നടക്കുന്ന ‘ഫസ്റ്റ് ബെല്‍’ പ്രത്യേക പഠന ക്ലാസ്സുകള്‍ക്കൊപ്പം അതാത് ജില്ലയില്‍ ഓരോ ക്ലാസ്സുകളിലെയും അധ്യാപകരുടെ ഇടപെടല്‍ കൂടിയുണ്ടാവും.
ജൂണ്‍ ഒന്ന്, രണ്ട് തീയതികളില്‍ ഓണ്‍ലൈന്‍ ക്ലാസ് സംബന്ധിച്ച സ്കൂളുകളുടെ സൂക്ഷ്മതല ആസൂത്രണം നടക്കും. ടെലിവിഷന്‍, സ്മാര്‍ട്ട്ഫോണ്‍ സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് നേരിട്ട് ഫോണ്‍ വിളിച്ചും പ്രാദേശിക കേന്ദ്രങ്ങള്‍ ഒരുക്കിയും ഓണ്‍ലൈന്‍ വിഭവങ്ങളും നിര്‍ദേശങ്ങളും ലഭ്യമാക്കും. ഇതിനായി ഓരോ ബി.ആര്.സി തലത്തിലും വേണ്ട കേന്ദ്രങ്ങള്‍ കണ്ടെത്തി സജ്ജീകരണങ്ങള്‍ ഉറപ്പാക്കി വരികയാണ്.
ജൂണ്‍ മൂന്ന് മുതല്‍ വിക്ടേഴ്സ് ചാനല്‍ വഴിയുള്ള ക്ലാസ്സിന് പുറമെ ഓണ്‍ലൈന്‍ ക്ലാസ് തയ്യാറെടുപ്പുകള്‍ക്കാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നല്‍കും. വിദ്യാലയത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഫലപ്രദമാകുന്നതിനായി ഓരോ വിദ്യാലയവും മുന്നൊരുക്കങ്ങളും സൂക്ഷ്മതല ആസൂത്രണവും ഉറപ്പാക്കാനായി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടുള്ള യോഗങ്ങളോ ഓണ്‍ലൈന്‍ മീറ്റിംഗുകളോ നടത്തും.
കുടുംബശ്രീ, അയൽക്കൂട്ടം, തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ മറ്റു സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹായത്തോടെ എല്ലാവർക്കും പഠിക്കാനുള്ള സാഹചര്യമൊരുക്കാനാണ് വിദ്യാഭ്യാസവകുപ്പ് ശ്രമിക്കുന്നതെന്ന് വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു പറഞ്ഞു. പ്രധാനപ്പെട്ട എല്ലാ പ്ലാറ്റ്ഫോമുകളിലും ഇതിനോടകം കൈറ്റ്സ് വിക്ടേഴ്സ് ചാനൽ ലഭ്യമാക്കിയിട്ടുണ്ട്.
ഓരോ വിദ്യാലയത്തിലും ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നത് ഉറപ്പാക്കാനായി ക്ലസ്റ്റര്‍/പഞ്ചായത്ത് തലത്തില്‍ പ്രധാനാധ്യാപകര്‍, എസ്ആര്‍ജി കണ്‍വീനര്‍മാരുടെ ഓണ്‍ലൈന്‍ യോഗങ്ങള്‍ (കോവിഡ് പ്രോട്ടോകോളുകള്‍ പാലിച്ചുകൊണ്ട്) സംഘടിപ്പിക്കും. അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കുമുള്ള നിര്‍ദ്ദേശങ്ങള്‍ പ്രാദേശികവഴക്കത്തോടെ മേല്‍ സൂചിപ്പിച്ച യോഗങ്ങളില്‍ കൂടി വിനിമയം ചെയ്യും.
പ്രീ സ്കൂള്‍, പ്രൈമറി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ മാതൃകാ ഓണ്‍ലൈന്‍ വിഭവങ്ങള്‍ സമഗ്രശിക്ഷാ, ഡയറ്റ്, ജില്ലാ പഞ്ചായത്ത് എഡ്യൂ കെയര്‍ എന്നിവ തയ്യാറാക്കിയിട്ടുണ്ട്. ഇതിനായി വിദഗ്ധ അധ്യാപകരുടെ സേവനം പ്രയോജനപ്പെത്തി ഓരോ പാഠഭാഗത്തിലെയും ഓണ്‍ലൈന്‍ സാധ്യതകള്‍ കണ്ടെത്തി വ്യക്തമായ കര്‍മ്മ പദ്ധതി തയ്യാറാക്കും. ഓരോ ആഴ്ചയിലും ഓണ്‍ലൈന്‍ രീതിയിലോ നേരിട്ടോ എസ്ആര്‍ജി മീറ്റിംഗുകള്‍ ചേര്‍ന്ന് ഒണ്‍ലൈന്‍ ക്ലാസുകളുടെ അവലോകനവും തുടര്ക്ലാസുകളുടെ ആസൂത്രണവും നടത്തും.
ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിഗണന നല്‍കിക്കൊണ്ടുള്ള ഓണ്‍ലൈന്‍ പിന്തുണാ സംവിധാനങ്ങള്‍ ഒരുക്കുന്നതിന് റിസോഴ്സ് അധ്യാപകരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. ഓരോ വിദ്യാലയവും ഓണ്‍ലൈന്‍ പരിശീലനത്തിന്റെ ഫലപ്രാപ്തി ബോധ്യപ്പെടുത്തുന്നതിനായി പഠനത്തെളിവുകള്‍ ശേഖരിക്കും. കുട്ടികളുടെ പുരോഗതി നിരന്തരം വിലയിരുത്തുന്നതിന് ആവശ്യമായ ഉപാധികള്‍ വികസിപ്പിക്കുകയും ആവശ്യമായ രേഖപ്പെടുത്തലുകള്‍ ഉറപ്പാക്കുകയും ചെയ്യും.
തിങ്കളാഴ്ചത്തെ ടൈംടേബിൾ
പ്ലസ് ടു: രാവിലെ 8.30ന് ഇംഗ്ലീഷ്, 9.00ന് ജിയോഗ്രഫി, 9.30ന് മാത്തമാറ്റിക്സ്, 10ന് കെമിസ്ട്രി.
പത്താം ക്ലാസ്: 11.00 മണിക്ക് ഭൗതികശാസ്ത്രം, 11.30ന് ഗണിതശാസ്ത്രം, 12.00ന് ജീവശാസ്ത്രം. പ്രൈമറി വിഭാഗത്തില്‍
ഒന്നാം ക്ലാസിന് 10.30ന് പൊതുവിഷയം.
രണ്ടാം ക്ലാസിന് 12.30ന് പൊതുവിഷയം.
മൂന്നാം ക്ലാസിന് ഒരു മണിക്ക് മലയാളം.
നാലാം ക്ലാസിന് 1.30ന് ഇംഗ്ലീഷ്.
അഞ്ച്, ആറ്, ഏഴ് ക്ലാസുകള്‍ക്കായി മലയാളം – ഉച്ചക്ക് യഥാക്രമം 2.00, 2.30, 3.00.
എട്ടാം ക്ലാസിന് വൈകീട്ട് 3.30ന് ഗണിതശാസ്ത്രം. 4.00 മണിക്ക് രസതന്ത്രം.
ഒമ്പതാം ക്ലാസിന് 4.30ന് ഇംഗ്ലീഷ്. അഞ്ച് മണിക്ക് ഗണിതശാസ്ത്രം.
പ്ലസ് ടു ക്ലാസിലുള്ള നാല് വിഷയങ്ങളും രാത്രി ഏഴ് മുതലും പത്താം ക്ലാസിനുള്ള മൂന്ന് വിഷയങ്ങളും വൈകുന്നേരം 5.30 മുതലും പുനഃസംപ്രേഷണവും ഉണ്ടാകും.
മറ്റു വിഷയങ്ങളുടെ പുനഃസംപ്രേക്ഷണം ശനിയാഴ്ചയാകും.
Read Also: ഓണ്‍ലൈന്‍ പഠനം: കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്ന ഹൈടെക്ക് ചെലവുകള്‍