scorecardresearch
Latest News

എട്ടിന്‍റെ പണി കിട്ടിയ എട്ടിന് ഒരുവർഷം

നോട്ട് നിരോധിച്ചു കൊണ്ട് സാധാരണക്കാരന്രെ മാത്രമല്ല, സമ്പദ് വ്യവസ്ഥയുടെ തന്നെ നട്ടെല്ല് ഒടിച്ചുവെന്ന ആക്ഷേപം ഉയർന്ന നടപടിയെ കുറിച്ച് വിവിധ മേഖലകളിലുളളവർ അനുഭവം പങ്കുവയ്ക്കുന്നു

എട്ടിന്‍റെ പണി കിട്ടിയ എട്ടിന് ഒരുവർഷം

കളളപ്പണം തടയാനെന്ന പേരിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച നോട്ട് നിരോധനത്തിന് ഒരു വർഷം തികയുന്നു. കള്ളപ്പണക്കാരെയാണ് ഉന്നമിട്ടതെന്ന് സർക്കാരും അനുയായികളും പ്രഖ്യാപിച്ച നോട്ട് നിരോധനം കൊണ്ട് വലഞ്ഞു വശംകെട്ടുപോയത് സാധാരണക്കാരായിരുന്നു.  500, 1000 രൂപ നോട്ടുകൾ നിരോധിച്ച് 45 ദിവസത്തിനിടെ ബാങ്കുകൾക്ക് മുന്നിലെ ക്യൂവിൽ നിൽക്കെ കുഴഞ്ഞുവീണ് മരിച്ചവരും ആത്മഹത്യ ചെയ്തവരും 105 പേരാണ്. പിന്നീട് നടന്ന മരങ്ങളും ആത്മഹത്യകളും കണക്ക് വീണ്ടും കൂടും.

ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസം അവസാനം റിസർവ് ബാങ്ക് പുറത്തുവിട്ട രേഖകൾ പ്രകാരം നിരോധിച്ച നോട്ടുകളുടെ 98.96 ശതമാനവും തിരികെയെത്തിയെന്ന് പറയുന്നു. ഇതോടെയാണ് കള്ളപ്പണം എവിടെയെന്ന ചോദ്യം കൂടുതൽ ശക്തമായി കേന്ദ്രസർക്കാരിനെ തിരിഞ്ഞുകുത്തിയത്.

Read More : നോട്ട് നിരോധനത്തിന് ശേഷം തൊഴിൽ നഷ്ടമായത് 15 ലക്ഷം പേർക്ക്; കണക്കുകൾ ഇങ്ങിനെ

ആദ്യം കള്ളപ്പണം ഇല്ലാതാക്കൽ എന്ന ലക്ഷ്യമായിരുന്നെങ്കിൽ നോട്ട് നിരോധനം ഏർപ്പെടുത്തിയ ശേഷം ഡിജിറ്റൽ മണി എന്നായി കേന്ദ്രസർക്കാരിന്റെ വാദം. വിമർശനങ്ങളുയർന്നപ്പോൾ നൂറ് ദിവസത്തിനുള്ളിൽ ലക്ഷ്യം കാണുമെന്നും അല്ലെങ്കിൽ തന്നെ പച്ചയ്‌ക്ക് കത്തിക്കാമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

നോട്ട് നിരോധിക്കുമ്പോൾ രേഖകളില്ലാത്ത പണം ബാങ്കുകളിൽ തിരിച്ചടയ്ക്കാൻ സാധിക്കാതെ കള്ളപ്പണക്കാർ ബുദ്ധിമുട്ടുമെന്നും ഇതുവഴി വിപണിയിലെ കള്ളപ്പണത്തിന്റെ ഒഴുക്ക് വലിയ തോതിൽ പിടിച്ചുനിർത്താനാകുമെന്നുമാണ് കേന്ദ്രം അവകാശപ്പെട്ടിരുന്നത്. എന്നാൽ വിപണിയിലുണ്ടായ പണം തിരികെ ബാങ്കുകളിൽ എത്തിയതോടെ സർക്കാർ വലഞ്ഞു. ഈ സമയത്താണ് പേ ടിഎം അടക്കമുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ ബാങ്കിങ് വഴിയുള്ള പണമിടപാടുകൾ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടതായി കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്‌ലി പറഞ്ഞത്. ഭരണാധികാരികളും ഭരണ പാർട്ടിയും അവകാശവാദങ്ങളുന്നയിച്ചുവെങ്കിലും യാഥാർഥ്യം എന്താണ്? നോട്ട് നിരോധനത്തിന് ഒരു വർഷമാകുമ്പോൾ കേരളത്തിലെ വിവിധ മേഖലകളിലുളളവർ, വിവിധയിടങ്ങളിൽ നിന്നും ഒരു വർഷത്തെ അനുഭവങ്ങളെ കുറിച്ച് പറയുന്നു.

“ആളുകൾക്ക് മുൻപ് ബാങ്കുകളോട് നല്ല വിശ്വാസം ഉണ്ടായിരുന്നു. ഇപ്പോൾ സ്ഥിതി അതല്ല”, ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് സുധാകര പൈ പറഞ്ഞു. “നോട്ട് നിരോധിച്ചപ്പോൾ പണം ഒന്നാകെ ബാങ്കിൽ നിക്ഷേപിച്ചവരെല്ലാം നോട്ട് നിരോധിച്ചപ്പോൾ ഇത് പിൻവലിച്ചു. ഇപ്പോൾ പണം ആളുകൾ കൈമാറ്റം ചെയ്യുന്നുണ്ട്. പക്ഷെ മുൻപ് ബാങ്കുകൾക്കുണ്ടായിരുന്ന ഇടനില സ്ഥാനം ഇന്ന് ഇല്ല. ബാങ്കുകളിലേക്ക് പണം വരുന്നില്ല”, അദ്ദേഹം ചൂണ്ടിക്കാട്ടി.

“നിർമ്മാണ മേഖലയിൽ പണി കുറവാണ്. പക്ഷെ നോട്ട് നിരോധിച്ചതല്ല ഇതിന്റെ കാരണം. നോട്ട് നിരോധനത്തിന് ശേഷം കാശില്ലാത്ത പ്രശ്നമുണ്ടായിരുന്നു. എന്നാലിത് മറികടന്നു. നോട്ട് തിരിച്ചെത്തി. ആവശ്യത്തിന് നോട്ട് ഇപ്പോൾ ലഭ്യമാണ്. പക്ഷെ പണം ആളുകൾ പുറത്തിറക്കാതെ വച്ചിരിക്കുകയാണ്”, സജീവ ബിജെപി പ്രവർത്തകനായ കാസർകോട് കാഞ്ഞങ്ങാട് സ്വദേശി എ.കുമാരൻ പറഞ്ഞു.

Read More : നോട്ട് നിരോധനം – ദിശാബോധവും ഉൾക്കാഴ്ചയും ഇല്ലാത്ത പാഠം

ഇന്ന് ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നതിൽ വലിയ വിഭാഗം പേരും വ്യാപാര മേഖലയിൽ നിന്നുള്ളവരാണ്. നോട്ട് നിരോധനത്തിന് ശേഷം ചെറുകിട വ്യാപാര മേഖല ഉണർന്നെങ്കിലും പ്രധാന സാമ്പത്തിക സ്രോതസ്സുകളായിരുന്ന നിർമ്മാണ മേഖലയും റിയൽ എസ്റ്റേറ്റ് മേഖലയും ഇനിയും ഉണർന്നിട്ടില്ല.

ഇതിന് സാക്ഷ്യപ്പെടുത്തുകയാണ് തൊടുപുഴയ്‌ക്കടുത്ത് നാഗപ്പുഴയിലുള്ള അരുൺ അറക്കൽ. “പന്നി വളർത്തലാണ് എന്റെ പ്രധാന വരുമാന മാർഗം. നേരത്തേ റിയൽ എസ്റ്റേറ്റ് പരിപാടികൾ ഉണ്ടായിരുന്നു. സ്ഥലമെടുത്ത് വീടുണ്ടാക്കി വിൽക്കലായിരുന്നു പരിപാടി. പക്ഷെ നോട്ട് നിരോധിച്ചതോടെ റിയൽ എസ്റ്റേറ്റ് മുഴുവനായും ഫ്രീസായി. ഇപ്പോൾ സ്ഥലം അന്വേഷിച്ച് പോലും ആരും വരാറില്ല.” അരുൺ പറഞ്ഞു.

“സാമ്പത്തിക മേഖല അങ്ങിനെ പെട്ടെന്ന് നഷ്ടപ്പെട്ട ശേഷി തിരിച്ച് പിടിക്കില്ല. ഇത് ഒരു വലിയ ശൃംഖലയാണ്. അതിൽ ഒരു കണ്ണി പൊട്ടിയാൽ ഉടൻ തന്നെ വിളക്കി ചേർക്കണം. അല്ലെങ്കിൽ കണ്ണികളെല്ലാം പൊട്ടും. അതാണിപ്പോൾ സംഭവിച്ചത്”, കേരള മർച്ചന്റ്സ് ചേംബർ ഓഫ് കൊമേഴ്സ് സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് സഗീർ പറഞ്ഞു.

“റിയൽ എസ്റ്റേറ്റിലൂടെയാണ് ബിസിനസിനാവശ്യമായ പണം വലിയ തോതിൽ റോൾ ചെയ്തിരുന്നത്. എന്നാൽ ഈ രംഗം ഏതാണ്ട് നിശ്ചലമായി. അത് നിർമ്മാണ മേഖലയെയും വലച്ചു. അത് നിർമ്മാണ മേഖലയിലെ തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും ബാധിച്ചു. ചെറുകിട ഹോട്ടലുകൾ, പലചരക്കുകടകൾ അങ്ങിനെ ഓരോ മേഖലയിലേക്കും ഇത് ആഴ്ന്നിറങ്ങിപ്പോയി”, സഗീർ പറഞ്ഞു.

അതേസമയം, നോട്ട് നിരോധനത്തിലൂടെ പിൻവലിച്ച പണം തിരികെ വന്നിട്ടുണ്ടെന്ന് ഇദ്ദേഹവും സാക്ഷ്യപ്പെടുത്തുന്നു. “പണം തിരികെവന്നു. ജനങ്ങൾ സാധാരണ നിലയിലുള്ള ജീവിതത്തിലേക്ക് മടങ്ങിയെത്തുകയാണ്. പക്ഷെ സാമ്പത്തിക രംഗം മുൻപത്തെ നിലയിലേക്ക് എത്തണമെങ്കിൽ പ്രധാന വാണിജ്യരംഗങ്ങളിലും ഈ മാറ്റം ഉണ്ടാകണം. അതിന് വർഷങ്ങളെടുക്കും”, അദ്ദേഹം പറഞ്ഞു.

നോട്ട് നിരോധനത്തിലൂടെ ലക്ഷ്യമിട്ട ഡിജിറ്റൽ പണമിടപാട് ഫലം കണ്ടില്ലെന്നും ബാങ്കുദ്യോഗസ്ഥനായ സുധാകര പൈ ചൂണ്ടിക്കാട്ടുന്നു. “ആദ്യ ഘട്ടത്തിൽ ഒരു വിഭാഗം ആളുകൾ മണി കാർഡുകൾ ഉപയോഗിച്ചിരുന്നു. എന്നാൽ പിന്നീട് നോട്ട് വിപണിയിലെത്തിയതോടെ ഡിജിറ്റൽ മാധ്യമങ്ങളെ ഉപയോഗിക്കാതെയായി. ബാങ്കുവഴിയാണല്ലോ ഈ ഇടപാടുകളെല്ലാം നടക്കുന്നത്. ഇതൊക്കെ നമുക്ക് നേരിട്ടറിയാൻ പറ്റും”, അദ്ദേഹം പറഞ്ഞു.

നിക്ഷേപങ്ങൾക്ക് വൻതോതിൽ പലിശ നിരക്ക് കുറച്ചതായാണ് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ടി.വി. ശിവരാമകൃഷ്ണൻ പറഞ്ഞത്. തൃശൂരിൽ കാനറ ബാങ്ക് ജീവനക്കാരനായ ഇദ്ദേഹം ദേശസാത്കൃത ബാങ്കുകളിലാകെ പലിശ നിരക്ക് 6-6.5 ശതമാനവുമാണെന്ന് വ്യക്തമാക്കി.

“നോട്ട് നിരോധിച്ചപ്പോൾ കറന്റ് അക്കൗണ്ടിലും സേവിങ്സ് ബാങ്ക് അക്കൗണ്ടിലുമാണ് പണം കുമിഞ്ഞുകൂടിയത്. ഇത് എപ്പോൾ വേണമെങ്കിലും പിൻവലിക്കപ്പെടാം എന്നത് കൊണ്ട് ബാങ്കുകൾ വായ്പ നൽകാൻ ഒരുക്കമായിരുന്നില്ല. നോട്ട് തിരിച്ചെത്തിയതോടെ വൻതോതിൽ പണം പിൻവലിക്കപ്പെട്ടു. ഇപ്പോൾ ബാങ്കുകളിൽ പഴയ പോലെ നിക്ഷേപം എത്തുന്നില്ല. അതുകൊണ്ടുതന്നെ വായ്പ വിതരണവും നടക്കുന്നില്ല.” ശിവരാമകൃഷ്ണൻ പറഞ്ഞു.

“പ്രൈവറ്റ് സെക്ടർ ബാങ്കുകളും പണമില്ലാതെ ബുദ്ധിമുട്ടുകയാണ്. ആളുകൾ പണം സ്വന്തം കൈയ്യിൽ സൂക്ഷിക്കുകയാണെന്നാണ് ഇതിൽ നിന്ന് മനസിലാക്കേണ്ടത്. എനിക്ക് നേരിട്ട് പരിചയമുള്ള ഒരു കോൺട്രാക്ടർ ഇപ്പോൾ 50 പേർക്ക് മാത്രമേ തൊഴിൽ കൊടുക്കുന്നുള്ളൂ. മുൻപ് 400 പേർക്ക് ജോലി നൽകിയിരുന്ന കോൺട്രാക്ടറാണ് അദ്ദേഹം. എത്ര പേർക്കാണ് അപ്പോൾ തൊഴിൽ നഷ്ടപ്പെട്ടത് എന്ന് നോക്കൂ,” ശിവരാമകൃഷ്ണൻ പറഞ്ഞു.

നോട്ട് നിരോധനത്തിന്റെ ഒന്നാം വാർഷികം എത്തുമ്പോൾ കൂട്ടിയും കിഴിച്ചും സാമ്പത്തിക ലോകം നോക്കുന്നുണ്ട്. കള്ളപ്പണം ഇല്ലാതെയായോ, അല്ല കള്ളപ്പണമെല്ലാം വെള്ളപ്പണമായോ തുടങ്ങി പരിഹാസങ്ങളും ഉയരുന്നുണ്ട്. അതൊന്നുമല്ല പ്രധാനം. സമ്പദ്‌വ്യവസ്ഥ ഇളകിയിട്ടുണ്ട്. ആ ഇളക്കത്തിന്റെ ആഘാതം ഏറ്റവും കൂടുതൽ അനുഭവിച്ചത് നിർമ്മാണ മേഖലയിലെ തൊഴിലാളികളാണ്. അവർ സാധാരണക്കാരും സമ്പദ്‌വ്യവസ്ഥയിലെ താഴേക്കിടയിൽ നിൽക്കുന്നവരുമാണ്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: One year of demonetization narendra modi banking real estate