തൊടുപുഴ; ചെറിയൊരു ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ നാലുദിവസമായി ഇടുക്കി ജില്ലയില്‍ ഒറ്റപ്പെട്ട കനത്തമഴ തുടരുന്നു. മഴയില്‍ ജലനിരപ്പുയര്‍ന്നതോടെ വ്യാഴാഴ്ച മാട്ടുപ്പെട്ടി ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു. 1599.59 മീറ്ററാണ് മാട്ടുപ്പെട്ടി ഡാമിന്റെ പരമാവധി സംഭരണശേഷി. വ്യാഴാഴ്ച ജലനിരപ്പ് 1589.80 മീറ്ററിലെത്തിയതോടെയാണ് ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ കെഎസ്ഇബി ഡാം സേഫ്റ്റി വിഭാഗം തീരുമാനിച്ചത്. ജലനിരപ്പുയര്‍ന്നതോടെ ചൊവ്വാഴ്ച പൊന്‍മുടി ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നുവിട്ടിരുന്നു.

പന്നിയാര്‍ പവര്‍ഹൗസ് പ്രളയത്തില്‍ തകരാറിലായതോടെ വൈദ്യുതി ഉല്‍പ്പാദനം നിര്‍ത്തിവച്ചിരുന്നു. ഇതോടെയാണ് ഡാമില്‍ ജലനിരപ്പുയര്‍ന്നത്. മാട്ടുപ്പെട്ടിയിലും പവര്‍ഹൗസില്‍ അറ്റുകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ വൈദ്യുതോല്‍പ്പാദനം നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതിനിടെ മഴയില്‍ ജലനിരപ്പുയര്‍ന്നു തുടങ്ങിയതോടെ ആനയിറങ്കല്‍, കുണ്ടള ഡാമുകളും തുറക്കാനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ് ഡാം സേഫ്റ്റി വിഭാഗം. അതേസമയം ജലനിരപ്പ് കാര്യമായി താഴ്ന്നതിനാല്‍ ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് ഡാം സേഫ്റ്റി വിഭാഗം വ്യക്തമാക്കി.

വ്യാഴാഴ്ച ഇടുക്കി ഡാമില്‍ രേഖപ്പെടുത്തിയ ജലനിരപ്പ് 2386.88 അടിയാണ് വൃഷ്ടി പ്രദേശത്ത് ഒറ്റപ്പെട്ട കനത്തമഴ മാത്രം തുടരുന്നതിനാല്‍ ഡാമിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവില്‍ കാര്യമായ വര്‍ധനവുണ്ടായിട്ടി ല്ലെന്നും അധികൃതര്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ ഡാമിലും ജലനിരപ്പ് താഴ്ന്നു തന്നെയാണ്. 125.3 അടിയാണ് വ്യാഴാഴ്ച മുല്ലപ്പെരിയാര്‍ ഡാമില്‍ രേഖപ്പെടുത്തിയ ജലനിരപ്പ്. ഇന്നലെ രാവിലെ മുതല്‍ ഇന്നു രാവിലെ വരെ ശരാശരി 14.68 മില്ലിമീറ്റര്‍ മഴയാണ് ഇടുക്കി ജില്ലയില്‍ ലഭിച്ചത്. ഉടുമ്പന്‍ചോല താലൂക്കിലാണ് ഏറ്റവും കൂടുതല്‍ മഴലഭിച്ചത്. 52 മില്ലി മീറ്റര്‍.

ഇതിനിടെ ദേശീയപാത 85-ല്‍ നേര്യമംഗലത്തിനും അടിമാലിക്കും ഇടയിലായി ഗതാഗതം ഇനി ഒരുത്തരവ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ലാ കലക്ടർ കെ ജീവന്‍ബാബു അറിയിച്ചു. ഈ ഭാഗത്ത് സംരക്ഷണ ഭിത്തി റോഡിന് വീതികൂട്ടുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് ഗതാഗത നിരോധനമെന്നും ഇതുവഴിയുള്ള ഗതാഗതം പനംകുട്ടി-കല്ലാര്‍കുട്ടിവഴി തിരിച്ചുവിടുമെന്നും കലക്ടർ അറിയിച്ചു. കുമളിക്ക് സമീപം ഇരച്ചില്‍ പാലത്തിനടുത്തായി റോഡ് വീണ്ടും ഇടിഞ്ഞതോടെ കുമളി-കമ്പം റൂട്ടില്‍ അധികൃതര്‍ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ കമ്പംമേട് റൂട്ടിലൂടെയാണ് ഇപ്പോള്‍ സഞ്ചരിക്കുന്നത്. അതേസമയം ഒറ്റപ്പെട്ട കനത്തമഴ തുടരുന്നത് ജില്ലയിലെ പല പ്രദേശങ്ങളിലും നേരിയതോതില്‍ മണ്ണിടിച്ചിലുണ്ടാകാന്‍ കാരണമാകുന്നുണ്ട്.

അതേസമയം, കനത്തമഴ തുടരുന്നത് നീലക്കുറിഞ്ഞി പൂക്കാലത്തെ ബാധിക്കുമോയെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. കനത്തമഴ തുടര്‍ന്നാല്‍ നീലക്കുറിഞ്ഞി പൂക്കള്‍ വേഗത്തില്‍ ചീഞ്ഞുപോകാനിടയാകും. നീലക്കുറിഞ്ഞി പൂക്കാലം തുടങ്ങിയതോടെ ജില്ലയിലെ ടൂറിസം മേഖലയ്ക്ക് ഉണര്‍വു ലഭിച്ചിരുന്നു. പ്രളയത്തിന് ശേഷം ടൂറിസം മേഖലയ്ക്ക് തിരിച്ചുവരവിന് വഴിയൊരുക്കുന്നതിൽ വലിയ പങ്കാണ് നീലക്കുറിഞ്ഞി പൂക്കാലം വഹിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.