കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദ വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുമായി ഓട്ടോക്കാരന്‍. അക്രമി സംഘം രക്ഷപ്പെട്ടത് തന്റെ ഓട്ടോയിലാണെന്ന് സാക്ഷിയായ ഓട്ടോക്കാരന്‍ പറയുന്ന ദൃശ്യങ്ങള്‍ മനോരമ ന്യൂസ് പുറത്തുവിട്ടു. പുലർച്ചെ ഒരുമണിയോടെ ജോസ് ജംങ്ഷനിൽ നിന്നാണ് നാലംഗ സംഘം തന്റെ ഓട്ടോയില്‍ കയറിയതെന്നാണ് ഡ്രൈവര്‍ വെളിപ്പെടുത്തിയത്. ഇദ്ദേഹം പൊലീസിനും മൊഴി നല്‍കിയിട്ടുണ്ട്.

ഇവരില്‍ ഒരാള്‍ ഷര്‍ട്ട് ധരിച്ചില്ലെന്നും ഡ്രൈവര്‍ പറഞ്ഞു. ’25 വയസിന് മുകളില്‍ പ്രായമില്ലാത്തവരാണ് ഓട്ടോയില്‍ കയറിയത്. ഒരാള്‍ക്ക് എന്താണ് ഷര്‍ട്ട് ഇല്ലാത്തതെന്ന് ചോദിച്ചപ്പോള്‍ ഫുട്ബോള്‍ കളി കഴിഞ്ഞ് തല്ലായത് കാരണമാണെന്ന് പറഞ്ഞു. ജോസ് ജംങ്ഷനിന്റെ അടുത്ത് നിന്നാണ് കയറിയത്. ഓടി വന്ന് തേവര പോവണമെന്നും പറഞ്ഞു. നാല് പേരുണ്ടായിരുന്നു. തേവര എത്താറായപ്പോള്‍ തോപ്പുംപടി പോവണമെന്ന് പറഞ്ഞു. തുടര്‍ന്ന് പെട്രോള്‍ പമ്പിന് സമീപം ഇറക്കി. പൊലീസ് തന്നെ വിളിച്ച് വരുത്തി ചോദ്യം ചെയ്തെന്നും പൊലീസ് കാണിച്ച ദൃശ്യങ്ങളിലുളളവരാണ് ഓട്ടോയില്‍ കയറിയതെന്നും ഡ്രൈവര്‍ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. മലപ്പുറം മഞ്ചേരിയിലെ സത്യസരണിയിലും ഗ്രീന്‍വാലിയിലുമാണ് ഒരേ സമയം പൊലീസ് പരിശോധന നടത്തിയത്. കാടാമ്പുഴയ്ക്കടുത്തുള്ള കേന്ദ്രത്തിലും പരിശോധന നടത്തി.

ഇതിനിടെ, അഭിമന്യുവിനെ വധിച്ച കേസിലെ പ്രതികളെ സഹായിച്ച രണ്ടുപേര്‍ കൂടി അറസ്റ്റിലായി. എസ്ഡിപിഐ പ്രവര്‍ത്തകരായ മട്ടാഞ്ചേരി സ്വദേശി നവാസ്, ജെഫ്രി എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. അതേസമയം, കേസുമായി ബന്ധപ്പെട്ട് കരുതല്‍ തടങ്കലിലായ എസ്ഡിപിഐ നേതാക്കളെ വിട്ടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ 132 പേരെ കോടതി റിമാന്‍ഡ് ചെയ്തു.

അഭിമന്യു കൊല്ലപ്പെട്ട ദിവസം രാവിലെ മുതൽ തുടർച്ചയായി ഫോണിൽ വിളിച്ചത് കേസിൽ പൊലീസ് തിരയുന്ന ഒന്നാം പ്രതി മുഹമ്മദാണെന്നാണു പൊലീസിന്റെ നിഗമനം. കൊലയാളി സംഘത്തിനു അഭിമന്യുവിനെ ചൂണ്ടിക്കാണിച്ചു കൊടുത്തതു മഹാരാജാസ് കോളേജിലെ വിദ്യാർഥിയാണെന്ന് അറസ്റ്റിലായ മറ്റൊരു പ്രതി മൊഴി നൽകുകയും ചെയ്തു. പാർട്ടി പരിപാടിയിൽ പങ്കെടുക്കാൻ ജന്മനാടായ ഇടുക്കി വട്ടവടയിലേക്കു പോയ അഭിമന്യുവിനെ എറണാകുളത്തുനിന്നു തുടർച്ചയായി ഫോണിൽ വിളിച്ചതായി ബന്ധുക്കൾ നേരത്തെ വ്യക്തമാക്കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.