ഇന്ത്യയുടെ ആദ്യ ഒറ്റ രൂപാ നോട്ട് പുറത്തിറങ്ങിയിട്ട് ഇന്ന് 100 വർഷം തികയുന്നു. ശതാബ്ദി നിറവിൽ ഒറ്റ രൂപ നോട്ട് എത്തി നിൽക്കുമ്പോൾ ഷെജു കുടിയിരിപ്പിലിന് ഇത് അഭിമാനത്തിന്റെ നിമിഷം. അപൂർവ്വ കറൻസി നോട്ടുകൾ ശേഖരിക്കുന്ന അങ്കമാലി ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റലിലെ സീനിയർ പിആർഒ ഷെജു കുടിയിരിപ്പിലിന്റെ ശേഖരത്തിൽ ഈ നോട്ടുമുണ്ട്. അപൂർവ്വ കറൻസി-നാണയ-പുരാവസ്തു ശേഖരം മുൻനിർത്തി കേരള ന്യൂമിസ്മാറ്റിക്സ് സൊസൈറ്റി ഉൾപ്പെടെ ഇന്ത്യയിലെ പ്രമുഖ ന്യൂമിസ്മാറ്റിക് സൊസൈറ്റുകളിൽ അംഗത്വം ലഭിച്ചിട്ടുളള ഷൈജു ഇന്ത്യയിലെ അറിയപ്പെടുന്ന ന്യൂമിസ്മാറ്റിസ്റ്റാണ്.

1917 നവംബർ 30 നാണ് ഇന്ത്യയുടെ ആദ്യ ഒറ്റ രൂപാ നോട്ട് ബ്രിട്ടീഷ് ഇന്ത്യാ ഗവൺമെന്റ് പുറത്തിറക്കുന്നത്. ഇന്നത്തെ ലോട്ടറി ബുക്ക് പോലെയാണ് അന്ന് ഒറ്റ രൂപാ നോട്ടുകൾ വിതരണത്തിനായി ബാങ്കുകളിൽ എത്തിയിരുന്നത്. ഒരു ബുക്കിൽ 25 നോട്ടുകളാണ് ഉണ്ടായിരുന്നത്. അന്നത്തെ ബ്രിട്ടീഷ് ഭരണാധികാരി ജോർജ് അഞ്ചാമൻ രാജാവിന്റെ ചിത്രത്തോടു കൂടിയാണ് നോട്ടിറങ്ങിയത്.

1948 ലാണ് സ്വതന്ത്ര ഇന്ത്യയിൽ ആദ്യത്തെ ഒറ്റ രൂപാ നോട്ട് ഇറങ്ങുന്നത്. അതുവരെ ഇറങ്ങിയ ഒറ്റ രൂപ നോട്ടുകളിൽ നിന്നും വ്യത്യസ്തമായ നിറത്തിലും വലിപ്പത്തിലുമാണ് പുതിയ നോട്ട് ഇറക്കിയത്. എട്ട് ഭാഷകളിലാണ് ഇതിൽ ഒരു രൂപാ എന്ന് എഴുതിയിരുന്നത്. ഇതിൽ മലയാളം ഉണ്ടായിരുന്നില്ല. എന്നാൽ 1956 ൽ കേരളപ്പിറവിക്ക് ശേഷം താമസിയാതെ മലയാളവും ഈ നോട്ടിൽ ആറാമതായി സ്ഥാനം പിടിച്ചു.

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഒറ്റരൂപാ നോട്ട്

1948 ന് ശേഷം വിവിധ വർഷങ്ങൾ, സീരിയൽ നമ്പറുകൾ, വിവിധ ഗവർണർമാരുടെ ഒപ്പുകൾ എന്നിവ പരിഗണിക്കുമ്പോൾ വ്യത്യസ്തങ്ങളായ അറുപതോളം നോട്ടുകളാണ്, ഒറ്റ രൂപ നോട്ടുകളുടെ ചരിത്രത്തിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. ഇതിൽ ഭൂരിഭാഗം നോട്ടുകളും ഷൈജുവിന്റെ ശേഖരത്തിലുണ്ട്.

ഒൻപതാം ക്ലാസ് മുതലാണ് ഷൈജു നോട്ടുശേഖരണം തുടങ്ങുന്നത്. മുത്തച്ഛനായിരുന്നു പ്രചോദനം. ”അദ്ദേഹത്തിന്റെ കൈയ്യിൽ അപൂർവമായൊരു നോട്ട് ശേഖരമുണ്ടായിരുന്നു. വളരെ അമൂല്യമാണെന്ന് പറഞ്ഞ് അദ്ദേഹം എനിക്കത് കൈമാറി. അന്നു മുതലാണ് നോട്ടുശേഖരണം തുടങ്ങിയത്. പിന്നീട് കേരളത്തിൽ എവിടെയെങ്കിലും എക്സിബിഷൻ നടന്നാൽ കൗതുകത്തിന് കാണാൻ പോകുമായിരുന്നു. പഴയ നോട്ടുകൾക്ക് അത്രയും മൂല്യമുണ്ടെന്ന് അപ്പോഴാണ് മനസ്സിലായത്” ഷെജു കുടിയിരിപ്പിൽ ഇന്ത്യൻ എക്സപ്രസ് മലയാളത്തോട് പറഞ്ഞു.

ഷൈജു കുടിയിരിപ്പിൽ

എറണാകുളത്ത് ഒരു എക്സിബിഷന് പോയപ്പോഴാണ് ഷൈജുവിന് ഇന്ത്യയുടെ ആദ്യ ഒറ്റ രൂപാ നോട്ട് കിട്ടുന്നത്. തന്റെ കൈവശമുണ്ടായിരുന്ന ചില അപൂർവ നോട്ടുകൾ ഷൈജു ഒപ്പം കൊണ്ടുപോയിരുന്നു. അവിടെ എക്സിബിഷന് വന്ന ഒരാളുടെ കൈയ്യിൽ ഇന്ത്യയുടെ ആദ്യ ഒറ്റ രൂപാ ഉണ്ടായിരുന്നു. അയാൾക്ക് ഷൈജു തന്റെ കൈയ്യിലുണ്ടായിരുന്ന നോട്ടുകളിൽ ഒന്ന് നൽകി ഈ നോട്ട് സ്വന്തമാക്കുകയായിരുന്നു.

ഹജ്ജിന് പോകുന്നവർക്ക് ഗൾഫിലും മറ്റും ഉപയോഗിക്കാവുന്ന രീതിയിൽ ഓറഞ്ച് നിറത്തിൽ ഇറക്കിയ നോട്ടും ഷെജുവിന്റെ നോട്ടുശേഖരണത്തിലുണ്ട്. ‘മണി ഫോർ വാല്യൂസ്’ എന്നൊരു കളക്ഷൻ കൂടി അദ്ദേഹത്തിന്റെ പക്കലുണ്ട്. അവയവദാനം നടത്തിയവരുടെ ജനനത്തീയതിയും അവർ അവയവദാനം നടത്തിയ തീയതിയും നമ്പറായി വന്ന കറൻസികളുടെ ശേഖരവുമുണ്ട്. പ്രിന്റിങ് തെറ്റുകൾ വന്ന നോട്ടുകൾ ശേഖരിക്കുന്നതിലാണ് ഷൈജു സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത്. ജനുവരിയിൽ കേരള ന്യൂമിസ്മാറ്റിക്സ് സൊസൈറ്റിയുടെ സഹകരണത്തോടെ തന്റെ കൈയ്യിലുളള അപൂർവ നോട്ട് ശേഖരത്തിന്റെ എക്സിബിഷൻ നടത്താനുളള തയാറെടുപ്പിലാണ് ഷൈജു.

ലോകത്തിലെ ഏറ്റവും വിലയ ജനാധിപത്യരാജ്യമായ ഇന്ത്യയിൽ പുറത്തിറക്കിയ ആദ്യ ഒറ്റരൂപ നോട്ടിന്റെ ചിത്രം വലുതാക്കി ജന്മശതാബ്ദി പ്രമാണിച്ച് ബ്രിട്ടീഷ് തലസ്ഥാനത്ത് പ്രദർശിപ്പിച്ചിരുന്നു. 1995 ൽ ഒറ്റ രൂപ നോട്ടുകളുടെ നിർമ്മാണം നിർത്തിവച്ചെങ്കിലും 21 വർഷത്തെ ഇടവേളയ്ക്ക് ശേഷം അടുത്തയിടെ വീണ്ടും അച്ചടി പുനരാരംഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ