ലോകത്ത് കമ്മ്യൂണിസ്റ്റുകള്‍ക്ക് ഇന്നും വിപ്ലവ സ്വപ്നങ്ങളുള്ള മണ്ണാണ് മൂന്നര കോടി ജനങ്ങളുള്ള കേരളമെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ്. ക്യൂബയില്‍ വിപ്ലവം ഒരു പുരാവസ്തുവായി മാറിയിരിക്കുന്നു. ചൈന, വിയറ്റ്നാം, ലാവോസ് എന്നിവിടങ്ങളിലെ കമ്മ്യൂണിസം ക്യാപിറ്റലിസത്തിന് വഴിമാറിയിരിക്കുന്നു. ഉത്തരകൊറിയയില്‍ കമ്മ്യൂണിസം ആണവ ആയുധങ്ങള്‍ക്കൊപ്പമാണ് നടപ്പാക്കുന്നത്. എന്നാല്‍ കേരളത്തിലെ കമ്മ്യൂണിസം ഇന്നും ജനകീയത തുടരുന്നുവെന്നും 1957ല്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനകീയതയോടെ ഇന്നും കേരളത്തിൽ തുടരുന്നു എന്നും വാഷിംഗ്ടണ്‍ പോസ്റ്റ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. ഗ്രെഗ് ജെഫിയും വിധി ദോഷിയും ചേർന്നാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
ഇന്ത്യയില്‍ ഏറ്റവുമധികം സാക്ഷരതയുള്ള സംസ്ഥാനവും ആരോഗ്യ പരിപാലന സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതും കേരളമാണ്. ഇതുകൂടാതെ സംസ്ഥാനത്തുനിന്നുള്ള അനേകമാളുകൾ ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുകയും ആഗോള സാമ്പത്തിക രംഗത്തും തങ്ങളുടെതായ സംഭാവനകള്‍ നല്കുന്നുമുണ്ടെന്നും റിപ്പോർട്ട് വിവരിക്കുന്നു.
കേരള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിതാവായ പി കൃഷ്ണപിള്ളയുടെ അനുസ്മരണം നടന്നപ്പോഴാണ് വാഷിംഗ്ടണ്‍ പോസ്റ്റ് സംഘം ഇവിടുത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ച് അന്വേഷിക്കാന്‍ ആരംഭിച്ചത്. ‘സഖാക്കളെ മുന്നോട്ട്’ എന്ന സന്ദേശം തൊഴിലാളി വര്‍ഗ്ഗത്തിന് നല്കി കര്‍ഷക തൊഴിലാളികളെ സംഘടിപ്പിച്ച അദ്ദേഹത്തിന്റെ അനുസ്മരണത്തില്‍ അരിവാള്‍ ചുറ്റിക ആലേഖനം ചെയ്ത ചെങ്കൊടിയുമായി ആയിരങ്ങളാണ് പങ്കെടുത്തത്. ‘ലാല്‍ സലാം’, ‘ഇന്‍ക്വലാബ് സിന്ദാബാദ്’ എന്നീ മുദ്രാവാക്യങ്ങളുമായാണ് സഖാവിന് ആയിരങ്ങള്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചത്.
ഫാസിസ്റ്റ് ഇന്ത്യയില്‍ ഞങ്ങളുടെ സ്വപ്ന സംസ്ഥാനം പണിതുയര്‍ത്താനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് കേരള ധനകാര്യമന്ത്രി തോമസ് ഐസക് പറയുന്നു. എന്നാല്‍ വിപ്ലവത്തിലൂടെയല്ല കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തുടക്കം. ബ്രിട്ടീഷ് ഭരണകൂടത്തിനെതിരായ പ്രതിരോധം തീര്‍ക്കുന്നതിനും ഇന്ത്യയിലെ ജാതി സംവിധാനത്തിനുമെതിരായി 1939ലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിലവില്‍ വന്നത്. കേരളത്തിലെ ഫ്യൂഡല്‍ സംവിധാനത്തിനെതിരായ പ്രചരണങ്ങള്‍ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റ് ആക്കി’ പോലുള്ള നാടകങ്ങളിലൂടെ അവതരിപ്പിച്ച് സമൂഹത്തില്‍ ചലനങ്ങളുണ്ടാക്കിയായിരുന്നു അവരുടെ തുടക്കം. 1952ല്‍ അവതരിപ്പിക്കപ്പെട്ട ഈ നാടകത്തിലൂടെ പാര്‍ട്ടിയ്ക്ക് ഇവിടെ ശക്തമായ സ്വാധീനമുണ്ടാക്കാന്‍ സാധിക്കുകയും അഞ്ച് വര്‍ഷത്തിന് ശേഷം തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ സാധിക്കുകയും ചെയ്തു.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എന്നും ഇവിടുത്തെ പ്രദേശിക ഹീറോകളും വേറിട്ട വഴികളും തന്നെയാണുള്ളതെന്നും വാഷിംഗ്ടണ്‍ പോസ്റ്റിലെ ലേഖനം പറയുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ഫാക്ടറികള്‍ പിടിച്ചെടുക്കുകയോ മാര്‍ക്സിന്റെ വാക്കുകള്‍ അനുസരിച്ച സ്വകാര്യ സ്വത്ത് നിരോധിക്കുകയോ ചെയ്തില്ലെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.