പത്തനംതിട്ട: ശബരിമലയില്‍ തിങ്കളാഴ്ചയും യുവതി ദര്‍ശനം നടത്തി മടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. തമിഴ്നാട് സ്വദേശിനിയായ സിങ്കാരി ശ്രീനിവാസന്‍ എന്ന 48 വയസുകാരി ദര്‍ശനം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ഭര്‍ത്താവിനും മകനും ഒപ്പം യുവതി ശബരിമലയില്‍ എത്തിയെന്നാണ് വിവരം.

ഇവര്‍ വിര്‍ച്വല്‍ ക്യൂ ഉപയോഗിച്ചാണ് ശബരിമലയില്‍ പ്രവേശിച്ചത്. ഇവിടെ വച്ച് പൊലീസ് നല്‍കിയ കാര്‍ഡില്‍ 48 വയസെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനിടയിൽ പമ്പ ഗണപതി അമ്പലത്തിനു സമീപത്തുവച്ച് ഇവരുടെ ബാഗ് നഷ്ടമായി. ബാഗ് കളഞ്ഞുകിട്ടിയിട്ടുണ്ടെന്ന് പമ്പയിലെ അന്വേഷണ കേന്ദ്രത്തിൽനിന്ന് മൈക്കിലൂടെ അനൗൺസ് ചെയ്തതിനെത്തുടർന്ന് ഇവർ ഇവിടെയെത്തി.

ബാഗ് സ്വന്തമെന്ന് തെളിയിക്കാനുള്ള രേഖകൾ ചോദിച്ചപ്പോഴാണ് പൊലീസ് നൽകിയ വെർച്വൽ ക്യൂ രസീത് കാണിച്ചത്. കൂടുതൽ വിവരങ്ങൾ ചോദിച്ചറിയുന്നതിനു മുമ്പേ ഇവർ മടങ്ങിയെന്ന് അധികൃതർ പറഞ്ഞു. യാതൊരുവിധ പ്രതിഷേധങ്ങളും ഇല്ലാതെയാണ് ഇവര്‍ ദര്‍ശനം നടത്തിയതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

നേരത്തെ ബിന്ദുവും കനകദുര്‍ഗയും ദര്‍ശനം നടത്തിയപ്പോഴും വിശ്വാസികള്‍ പ്രതിഷേധിച്ചിരുന്നില്ല. എന്നാല്‍ ഇവരുടെ ദര്‍ശനത്തിന് പിന്നാലെ സംസ്ഥാനത്ത് ഉടനീളം ബിജെപി അടക്കമുളള പാര്‍ട്ടികള്‍ പ്രതിഷേധവും അക്രമവും അഴിച്ച് വിട്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.