തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. യുവാവ് മലപ്പുറത്ത് ചികിത്സയിലാണ്. ജൂലൈ 27ന് യുഎഇയില്‍ നിന്നാണ് ഇദ്ദേഹം കോഴിക്കോട് എയര്‍പോര്‍ട്ടില്‍ എത്തിയത്. ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കത്തിലുള്ള അമ്മ, അച്ഛന്‍, രണ്ട് സുഹൃത്തുക്കള്‍ എന്നിവരെ നിരീക്ഷണത്തിലാക്കി. സംസ്ഥാനത്ത് ഇതോടെ 5 പേര്‍ക്കാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. ആദ്യ രോഗിയെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
മങ്കിപോക്സ് രോഗ ലക്ഷണങ്ങളോടെ തൃശൂരില്‍ മരിച്ച യുവാവിന് മങ്കിപോക്‌സ് സ്ഥിരീകരിച്ചിരുന്നു. പുനെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് യുവാവിന്‍റെ സമ്പര്‍ക്കപ്പട്ടികയിലുള്ള വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുവന്ന നാലു കൂട്ടുകാരും കുടുംബാംഗങ്ങളും ആരോഗ്യപ്രവര്‍ത്തകരും അടക്കം 15 പേരെ നിരീക്ഷണത്തിലാക്കി.
ചാവക്കാട് കുരിഞ്ഞിയൂർ സ്വദേശി (22) ആണ് ശനിയാഴ്ച രാവിലെ മരിച്ചത്. യുഎഇയിൽ നിന്നെത്തിയ യുവാവിന് മങ്കിപോക്സിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നെങ്കിലും ദേഹത്ത് ചുവന്ന കുരുക്കൾ ഉണ്ടായിരുന്നില്ല.
തൃശൂരില്‍ മരിച്ച യുവാവിന് മങ്കിപോക്സെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കിയിട്ടുണ്ട്. മങ്കിപോക്സ് ഫലം പോസിറ്റീവാണെന്ന് അറിഞ്ഞിട്ടും കുടുംബം മറച്ചുവച്ച സംഭവത്തിൽ ആരോഗ്യവകുപ്പിന്‍റെ ഉന്നതതല അന്വേഷണം നടക്കുന്നുണ്ട്.
രാജ്യത്ത് കേരളത്തിലാണ് ആദ്യമായി മങ്കിപോക്സ് സ്ഥിരീകരിച്ചത്. യുഎഇയിൽ നിന്ന് വന്ന കൊല്ലം സ്വദേശിയായ 35 കാരനാണ് ആദ്യം രോഗം സ്ഥീരികരിച്ചത്. ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എല്ലാ സാമ്പിളുകളും രണ്ട് പ്രാവശ്യം നെഗറ്റീവായതോടെ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു.