തിരുവനന്തപുരം: വിമാനത്താവളം ആസ്ഥാനമാക്കി നടത്തിയ സ്വര്‍ണക്കടത്തുകേസില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി പറയപ്പെടുന്ന രണ്ടാമത്തെ മന്ത്രിയെ തനിക്ക് അറിയാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആ മന്ത്രി ആരാണെന്ന കാര്യം സര്‍ക്കാര്‍ തന്നെ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സ്വര്‍ണക്കടത്തുകേസില്‍ ഒരു മന്ത്രിയില്‍നിന്നുകൂടി അന്വേഷണസംഘം വിവരങ്ങള്‍ ആരായുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രതികളായ സ്വപ്ന സുരേഷിന്റേയും സന്ദീപ് നായരുടേയും പക്കല്‍ നിന്ന് ശേഖരിച്ച ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണിതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വാര്‍ത്തകള്‍. ഒരു മന്ത്രിയുമായി നിരന്തരം ആശയവിനിമയം നടത്തിയതിന്റെ വിവരങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് ലഭിച്ചെന്നും സൂചനകളുണ്ട്.

“മുഖ്യമന്ത്രി അഴിമതിക്കാരെ സംരക്ഷിക്കുകയാണ്. മുഖ്യമന്ത്രി നിരന്തരം കെ ടി ജലീലിനെ സംരക്ഷിച്ചുകൊണ്ടിരിക്കുകയാണ്,” ചെന്നിത്തല പറഞ്ഞു. എല്ലാ അഴിമതിക്കാരെയും സംരക്ഷിക്കുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറിക്കൊണ്ടിരിക്കുകയാണെന്നും ജനങ്ങള്‍ ഇക്കാര്യങ്ങള്‍ കാണുന്നുണ്ടെന്ന് മുഖ്യമന്ത്രി മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Read More: ജലീൽ ഒരു തെറ്റും ചെയ്തിട്ടില്ല; ഇപ്പോഴത്തേത് നാടിന്റെ സുരക്ഷ ഇല്ലാതാക്കുന്ന സമരാഭാസമെന്നും മുഖ്യമന്ത്രി

ലൈഫ് മിഷൻ പദ്ധതി ധാരണാപത്രം ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ തരാൻ കൂട്ടാക്കത്തത് അടിമുടി അഴിമതി ആയത് കൊണ്ടാണ്. ഇത് ഓര്‍മ്മിപ്പിക്കാനായി ഇന്ന് മുഖ്യമന്ത്രിക്ക് ഒരു കത്ത് കൂടി നൽകും.

മുഖ്യമന്ത്രി പിണറായി വിജയന് സമരങ്ങളോട് ഇപ്പോൾ എതിർപ്പാണ്. ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് സമരത്തോട് എതിർപ്പ് തോന്നുന്നത് ആശ്ചര്യകരമാണ്. അഴിമതി ആരാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി ഗൾഫിൽ പോയപ്പോൾ എത്ര പണം പിരിച്ചുവെന്നും പുറത്ത് വരേണ്ടതല്ലേയെന്നും ചെന്നിത്തല ചോദിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.