കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവത്തിൽ ഒരാൾ കൂടി പിടിയിലായി. ഒളിവിലായിരുന്ന മണികണ്ഠനാണ് പാലക്കാട് വച്ച് കഴിഞ്ഞ രാത്രി പത്ത് മണിയോടെ പിടിയിലായത്. ഇയാളെ ആലുവ പൊലീസ് ക്ലബിലെത്തിച്ച് ചോദ്യം ചെയ്യുകയാണ് ഇപ്പോൾ. കേസിൽ പിടിയിലാകാനുള്ള പൾസർ സുനി ഉൾപ്പടെ രണ്ടു പ്രതികളെ കുറിച്ച് ഇയാളിൽ നിന്നും വിവരം ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

പൾസർ സുനിക്കൊപ്പം നടിയെ തട്ടിക്കൊണ്ടു പോയ സംഘത്തിൽ മണികണ്ഠനും ഉണ്ടായിരുന്നതായാണ് വിവരം. ഇയാളിൽ നിന്നും കേസിന്റെ സുപ്രധാനമായ വിവരങ്ങൾ പോലീസ് പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം മണികണ്ഠന്റേത് ഉൾപ്പടെ മൂന്ന് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കാനിരിക്കുകയാണ്.

സംഘത്തിൽ നേരത്തേ പിടിയിലായ ആലപ്പുഴ സ്വദേശി വടിവാൾ സലിം, പ്രദീപ് എന്നിവരെ മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തിട്ടുണ്ട്.പ്രതികൾ മുൻകൂർജാമ്യത്തിനായി ഇന്നലെ കോടതിയെ സമീപിച്ചിരുന്നു. ഇന്നാണ് ഇവരുടെ ജാമ്യാപേക്ഷ ആലുവ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പരിഗണിക്കുന്നത്. ഇതിന് മുൻപ് തന്നെ പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. അതേസമയം പ്രതികൾ അഭിഭാഷകരെ ഏൽപ്പിച്ച മൊബൈൽ, പാസ്‌പോർട്ട് തുടങ്ങിയ സാധനങ്ങൾ പൊലീസിന് കൈമാറാൻ ഇന്നലെ കോടതി നിർദ്ദേശിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ