വയനാട്: വയനാട് പടിഞ്ഞാറത്തറ ബാണാസുര സാഗർ അണക്കെട്ടിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. നെല്ലിപ്പൊയിൽ കാട്ടിലത്തുവീട്ടിൽ ചന്ദ്രന്‍റെ മകൻ സച്ചിന്‍റേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കാണാതായ ചെന്പുകടവ് വട്ടച്ചോട് ജോണിന്‍റെ മകൻ ബിനുവിനായി തെരച്ചിൽ തുടരുകയാണ്.

താമരശേരി തുഷാരഗിരി ചെന്പുകടവ് നെല്ലിപ്പൊയിൽ മണിത്തൊടി മാത്യുവിന്‍റെ മകൻ മെൽബിൻ(34), തരിയോട് സിങ്കോണ പടിഞ്ഞാറെക്കുടിയിൽ വിത്സണ്‍(50)എന്നിവരുടെ മൃതദേഹങ്ങൾ ബുധനാഴ്ച രാവിലെ കണ്ടെടുത്തിരുന്നു.

റിസര്‍വോയറില്‍ മീൻ പിടിക്കാന്‍ ഇറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. കൊട്ടത്തോണിയില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയ ഏഴ് പേരാണ് അപകടത്തില്‍പ്പെട്ടത്. ഇതിൽ മൂന്നു പേരെ പ്രദേശവാസികള്‍ രക്ഷപ്പെടുത്തുകയായിരുന്നു. തുഷാരഗിരി ചെമ്പു കടവ് സ്വദേശിയായ സച്ചിന്‍, ബിനു, മെല്‍വിന് പ്രദേശവാസിയായ വില്‍സന്‍ എന്നിവരെയാണ് കാണാതായത്. രണ്ട് കൊട്ടത്തോണികളിലായാണ് ഇവര്‍ ഡാമിലേക്കിറങ്ങിയത്. തോണികള്‍ തമ്മില്‍ കൂട്ടിക്കെട്ടിയിരുന്നു. എന്നാല്‍ ഇത് അപകടത്തില്‍പ്പെടുകയായിരുന്നു.

നാവിക സേനയ്ക്ക് പുറമെ അഗ്നിരക്ഷാ സേനയുടെ സ്കൂബ ഡൈവിംഗ്, കോഴിക്കോട് നിന്നുമെത്തിയ അണ്ടർവാട്ടർ സെർച്ചിംഗ് ടീം, തുർക്കി ജീവൻ രക്ഷാസമിതിയംഗങ്ങൾ എന്നിവരാണ് തെരച്ചിലിൽ പങ്കെടുക്കുന്നത്. റവന്യൂ, വനം, കെഎസ്ഇബി, പോലീസ് തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാന്പ് ചെയ്ത് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ