കാസർഗോഡ്: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കർണാടക ഹൂബ്ലിയിൽ നിന്നു വരുന്നതിനിടെ കാസർഗോഡ് വച്ചു മരിച്ച മൊഗ്രാൽ പുത്തൂർ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദഗ്ധ പരിശോധനയ്ക്ക് ശേഷമാണ് ഇയാളുടെ മരണം കോവിഡ് ബാധിച്ചാണെന്ന് വ്യക്തമായത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണം 28 ആയി.
Read Also: സ്വപ്നയെ അറിയില്ലെന്ന് മുഖ്യമന്ത്രിക്ക് എങ്ങനെ പറയാനാവും, രാജിവയ്ക്കണമെന്ന് ചെന്നിത്തല
മൊഗ്രാൽ പുത്തൂർ കോട്ടക്കുന്നിലെ ബി.ആർ.അബ്ദുള്‍ റഹ്മാനാണ് (48 വയസ്) മരിച്ചത്. അബ്ദുള്‍ റഹ്മാന് രോഗമുണ്ടായത് കര്‍ണാടകയില്‍ നിന്നെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇദ്ദേഹത്തിന്റെ ട്രുനാറ്റ് ഫലം നേരത്തെ പോസിറ്റീവ് ആയിരുന്നു. എന്നാൽ, വിദഗ്ധ പരിശോധന കൂടി കഴിഞ്ഞപ്പോഴാണ് മരിച്ചയാൾക്ക് കോവിഡ് ഉണ്ടെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇയാളുടെ ബന്ധുക്കൾ നിരീക്ഷണത്തിലാണ്. ഇയാളെ ചികിത്സിച്ച കാസർഗോഡ് ജനറൽ ആശുപത്രിയിലെ നാല് ജീവനക്കാരും ക്വാറന്റൈനിലാണ്. ആശുപത്രിയിലെ അത്യാഹിത വിഭാഗം അണുവിമുക്തമാക്കി. വിദഗ്ധ പരിശോധനയ്ക്കായി സാംപിൾ അയച്ചത് പെരിയയിലെ ലാബിലേക്കാണ്.
Read Also: സിബിഐ സംഘം കസ്റ്റംസ് ഓഫീസിൽ; സ്വപ്ന സുരേഷ് കീഴടങ്ങിയേക്കും, അസാധാരണ നടപടികൾ
സുള്ളിയിലെ വ്യാപാരിയായ ഇദ്ദേഹം കഴിഞ്ഞ ദിവസമാണ് ആംബുലൻസ് വഴി അതിർത്തിയായ തലപ്പാടിയിലെത്തിയത്. കടുത്ത പനിയെ തുടർന്നാണ് ഇയാൾ നാട്ടിലേക്ക് പോന്നത്. തലപ്പാടിയിലെത്തിയ ഇയാളെ രണ്ട് കുടുംബാംഗങ്ങൾ ചേർന്ന് കാറിൽ കാസർഗോഡ് ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അപ്പോഴേക്കും ആരോഗ്യസ്ഥിതി മോശമായി. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇദ്ദേഹത്തിനുണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്.