മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. ഇന്നലെ മഞ്ചേരി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലിരിക്കെ മരിച്ച ആൾക്ക് കോവിഡ് സ്ഥിരീകരിച്ചു. റിയാദില്‍ നിന്നെത്തിയ 82കാരനായിരുന്ന ഇദ്ദേഹം വീട്ടില്‍ സ്വയം നിരീക്ഷണത്തിലായിരുന്നു. പനി ശക്തമായതിനെത്തുടര്‍ന്നാണ് ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചത്.

നേരത്തേ രക്താർബുദത്തിന് ചികിത്സയിലായിരുന്ന ഇദ്ദേഹം ജൂൺ 29നാണ് റിയാദിൽ നിന്നും നാട്ടിലെത്തിയത്. പനികൂടി ന്യുമോണിയ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ ജൂലൈ ഒന്നിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനാല്‍ മൃതദേഹം വിട്ടു നല്‍കിയിരുന്നില്ല. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാകും മൃതദേഹം സംസ്ക്കരിക്കുക. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25 ആയി ഉയര്‍ന്നു.

Read More: മലപ്പുറത്ത് ക്വാറന്റൈൻ ലംഘിച്ച യുവാക്കൾക്ക് കോവിഡ് സ്ഥിരീകരിച്ചു; സമ്പർക്ക പട്ടികയിൽ നിരവധിപ്പേർ

മലപ്പുറത്ത് ദിനംപ്രതി കോവിഡ് ആശങ്ക വർധിക്കുകയാണ്. നിരീക്ഷണത്തിൽ കഴിയവെ നിർദേശങ്ങൾ മറികടന്ന് ആളുകളുമായി ഇടപഴകിയ രണ്ട് പേർക്ക് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചു. ചീക്കോട്, ഊർങ്ങാട്ടിരി സ്വദേശികളായ രണ്ട് യുവാക്കളാണ് ക്വാറന്റൈൻ ലംഘിച്ച് പുറത്തിറങ്ങിയത്. ചീക്കോട് സ്വദേശിയായ യുവാവിന്റെ സമ്പർക്ക പട്ടികയിൽ മാത്രം നിരവധി പേരാണ് ഉൾപ്പെട്ടിരിക്കുന്നത്.

ജമ്മുവിൽ നിന്നെത്തിയ ചീക്കോട് സ്വദേശിയായ യുവാവ് നാട്ടിലെത്തി സമീപത്തെ കടകളിലുൾപ്പെടെ സന്ദർശിച്ചിരുന്നു. ജൂൺ 23ന് സമീപത്തെ മൊബൈൽ കടയിലെത്തിയതോടെ കട അടയ്ക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി. ഊർങ്ങാട്ടിരിയിൽ കോവിഡ് സ്ഥിരീകരിച്ച യുവാവും ക്വാറന്റൈൻ ലംഘിച്ചതോടെ ആശങ്ക വർധിച്ചിട്ടുണ്ട്.

അതേസമയം, കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പകർച്ചവ്യാധി നിയമം ഭേദഗതി ചെയ്‌ത് സംസ്ഥാന സർക്കാർ അസാധാരണ വിജ്ഞാപനം പുറപ്പെടുവിച്ചു. ഒരു വർഷത്തേക്കാണ് ഭേദഗതിക്ക് പ്രാബല്യമുണ്ടാവുക. കോവിഡിനെത്തുർന്ന് സംസ്ഥാനത്ത് ഇപ്പോൾ നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും ഭേദഗതി അവസാനിക്കുന്നത് വരെ തുടരും. ആൾക്കൂട്ടങ്ങൾ അനുവദിക്കില്ല. തൊഴിലിടങ്ങളിലും പൊതു സ്ഥലങ്ങളിലും മാസ്‌ക് നിർബന്ധമാക്കി. വാഹനങ്ങളിൽ സഞ്ചരിക്കുമ്പോഴും മാസ്‌ക് നിർബന്ധമാണ്. പൊതു സ്ഥലത്ത് തുപ്പുന്നത് ശിക്ഷാർഹമാണ്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും വിജ്ഞാപനത്തിൽ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.