പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനത്തോടനുബന്ധിച്ച് നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. പാലോട് സ്വദേശി സജികുമാര്‍ ആണ് അറസ്റ്റിലായത്. ഇയാളെ പത്തനംതിട്ട പൊലീസിന് കൈമാറി.

അവസാനം ലഭിച്ച കണക്കനുസരിച്ച്, യുവതി പ്രവേശനത്തിനെതിരെ ശബരിമലയില്‍ നടന്ന സംഘര്‍ഷത്തില്‍ 3719 പേരാണ് അറസ്റ്റിലായത്. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 546 കേസുകളിലാണ് അറസ്റ്റ്. കലാപശ്രമം, നിരോധനാജ്ഞ ലംഘിച്ച് സംഘം ചേരല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, പൊലീസിനെ ആക്രമിക്കല്‍, ഉദ്യോഗസ്ഥരെ കൃത്യനിര്‍വ്വഹണത്തില്‍ നിന്നും തടയല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് മിക്ക കേസുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അതേസമയം, ചിത്തിര ആട്ടത്തിരുനാളിനു ശബരിമലയില്‍ പ്രതിഷേധക്കാരായി എത്തിയവരില്‍ 200 ലേറെ പേര്‍ തുലാമാസ പൂജാവേളയില്‍ അവിടെ അക്രമത്തില്‍ പങ്കാളികളായവരാണെന്ന് തെളിഞ്ഞു. പൊലീസ് സ്ഥാപിച്ച ഫേസ് ഡിറ്റക്ഷന്‍ ക്യാമറകളാണ് ഇവരെ തിരിച്ചറിഞ്ഞത്. എല്ലാവരും ജാമ്യത്തിലിറങ്ങിയാണു വീണ്ടും ശബരിമലയില്‍ എത്തിയതെന്നു പൊലീസ് സ്ഥിരീകരിച്ചു.

തുലാമാസ പൂജാ സമയത്തു നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെയുള്ള അക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ട 1500 പേരുടെ ചിത്രങ്ങള്‍ പൊലീസ് തയ്യാറാക്കിയിരുന്നു. ഇവ മുഖം തിരിച്ചറിയുന്ന ക്യാമറകളുമായി ബന്ധിപ്പിച്ചു. ഈ സംവിധാനമുള്ള 12 ക്യാമറകള്‍ നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ സ്ഥാപിച്ചിരുന്നു. ഇത്തരക്കാര്‍ വീണ്ടും എത്തിയപ്പോള്‍ ക്യാമറ മുന്നറിയിപ്പു സന്ദേശം കണ്‍ട്രോള്‍ റൂമിലേക്കു നല്‍കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ