കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ എസ് എഫ് ഐ നേതാവ് അഭിമന്യു കുത്തേറ്റ് മരിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലെന്ന് സൂചന. മട്ടാഞ്ചേരി സ്വദേശിയായ നവാസ് എന്ന എസ് ഡി പി ഐ പ്രവർത്തകനാണ് അറസ്റ്റിലായതെന്നാണ് ലഭിച്ച വിവരം. ഇയാൾക്ക് സംഘർഷത്തിൽ നേരിട്ട് ബന്ധമുണ്ടോയെന്ന് വ്യക്തമല്ല. എറണാകുളം നോർത്തിലെ ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ താമസിക്കുന്ന ഹോസ്റ്റലിലെ സ്ഥിരം സന്ദർശകനായിരുന്നു ഇയാൾ.

നവാസിനൊപ്പം ഇന്നലെ കസ്റ്റഡിയിലുണ്ടായിരുന്ന നെട്ടൂർ സ്വദേശി ജഫ്രിയുടേയും അറസ്റ്റ് രേഖപ്പെടുത്തി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. ഇയാൾക്ക് സംഭവത്തിലുള്ള പങ്ക് പൊലീസ് അന്വേഷിച്ച് വരികയാണ്.

കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായ എസ്ഡിപിഐ, ക്യാംപസ് ഫ്രണ്ട് പ്രവർത്തകർക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി. അക്രമത്തില്‍ നേരിട്ട് ബന്ധമുളള പ്രതികളുടെ അക്കൗണ്ട് മരവിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചു. ഇവരുടെ അക്കൗണ്ടിലേക്ക് വിദേശത്ത് നിന്ന് പണം വരുന്നത് തടയുന്നതിന് വേണ്ടിയാണ് നീക്കം. പ്രതികൾ സംസ്ഥാനത്തിന് അകത്ത് തന്നെ ഒളിവിൽ കഴിയുന്നുവെന്ന സംശയം പൊലീസിനുണ്ട്. എന്നാൽ അയൽ സംസ്ഥാനങ്ങളിലും വിമാനത്താവളങ്ങളിലും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

എന്നാൽ നവാസിന്റെ അറസ്റ്റോടെ എസ് എഫ് ഐ പ്രവർത്തകനെ വധിച്ചത് പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടർന്നല്ലെന്നും മുൻകൂട്ടി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കൊലപാതകമാണിതെന്നുമാണ് വ്യക്തമാകുന്നത്.

ഇക്കഴിഞ്ഞ ഞായറാഴ്ച അർദ്ധരാത്രിയോടെ മഹാരാജാസ് കോളേജിന്റെ കിഴക്ക് വശത്തെ ഗേറ്റിന് സമീപത്ത് വച്ചാണ് അഭിമന്യുവിന് കുത്തേറ്റത്. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് പോസ്റ്ററൊട്ടിക്കാനെത്തിയതായിരുന്നു എസ് എഫ് ഐ വിദ്യാർത്ഥികൾ.

എസ് എഫ് ഐ ബുക്ക് ചെയ്ത ചുവരിൽ ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ മുദ്രാവാക്യം എഴുതുകയും പോസ്റ്ററൊട്ടിക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് തർക്കം നടക്കുന്നതിനിടെ ക്യാംപസ് ഫ്രണ്ട് പ്രവർത്തകൻ മുഹമ്മദ് വിളിച്ചു വരുത്തിയ എസ് ഡി പി ഐ പ്രവർത്തകരിലൊരാൾ അഭിമന്യുവിന്റെ നെഞ്ചിൽ കത്തി കുത്തിയിറക്കി. എസ്എഫ്ഐ ഇടുക്കി ജില്ല കമ്മിറ്റിയംഗവും മഹാരാജാസ് കോളേജ് ഹോസ്റ്റൽ സെക്രട്ടറിയും രണ്ടാം വർഷ കെമിസ്ട്രി ബിരുദ വിദ്യാർത്ഥിയുമായിരുന്നു അഭിമന്യു . സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.

അർജുൻ എന്ന മറ്റൊരു വിദ്യാർത്ഥിക്കും കുത്തേറ്റിരുന്നു. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അർജുന്റെ നില ഭേദപ്പെട്ടു. ഇയാളെ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് മാറ്റി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ