ഇടുക്കി: വൈദ്യുതി മന്ത്രി എം.എം മണിയുടെ സഹോദരന് സനകന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. അടിമാലിയില്‍ വച്ച് സനകനെ ഇടിച്ച കാറിന്റെ ഡ്രൈവര്‍ മുരിക്കാശേരി ഉപ്പുതോട് സ്വദേശി എ.ബി ജോസിനെയാണ് അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം ഏഴിന് വെള്ളത്തൂവല്‍ പാതയോരത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ സനകന്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
സ്വാഭാവിക മരണമെന്ന് കരുതിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പോലീസിനും മന്ത്രിക്കും ഊമക്കത്ത് ലഭിച്ചിരുന്നു. ഇതേതുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. മന്ത്രി എം.എം മണിക്കും ഇടുക്കി ജില്ലാ പോലീസ് സൂപ്രണ്ടിനുമാണ് ഊമക്കത്ത് ലഭിച്ചത്. ഈ ഊമക്കത്തിലാണ് സനകനെ കാറിടിച്ചുവെന്ന സൂചന ഉണ്ടായിരുന്നത്.
തലയ്ക്ക് പിന്നിൽ മുറിവേറ്റ് അബോധാവസ്ഥയിലായിരുന്നു സനകനെ നാട്ടുകാരാണ് ആദ്യം കണ്ടത്. പിന്നീട് വെള്ളത്തൂവൽ പൊലീസെത്തി ഇദ്ദേഹത്തെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചു. അവിടെ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.