തിരുവനന്തപുരം: നഴ്സുമാരുടെ സമരത്തോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ നാളെ ഏകദിന ഉപവാസം നടത്തും. സെക്രട്ടറിയേറ്റിന് മുന്നിൽ തലസ്ഥാന ജില്ലയിലെ നഴ്‌സുമാരുടെ നേതൃത്വത്തിൽ ഉപവാസമനുഷ്ഠിക്കും.

കഴിഞ്ഞ 190 ദിവസമായി തുടരുന്ന ചേർത്തല കെവിഎം ആശുപത്രിയിലെ നഴ്സുമാരുടെ സമരം സർക്കാർ ഇടപെട്ടു അടിയന്തിരമായി ഒത്തുതീർപ്പാക്കണം എന്നാവശ്യപ്പെട്ടാണ് ഉപവാസം. ഈ ആവശ്യം ഉന്നയിച്ച് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സിബി മുകേഷ് അനുഷ്ഠിക്കുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് തിരുവനന്തപുരം ജില്ലയിലെ നഴ്സുമാർ നാളെ സെക്രട്ടറിയേറ്റിനു മുന്നിൽ ഏകദിന ഉപവാസം അനുഷ്ഠിക്കുന്നത്.

യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആണ് ഉപവാസം സംഘടിപ്പിക്കുന്നത്. രാവിലെ ഏഴു മണി മുതൽ വൈകിട്ട് ഏഴു മണി വരെ ആണ് ഉപവാസം. ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കാത്ത രീതിയിൽ ആകും ഉപവാസം. ഡ്യൂട്ടിയിൽ പ്രവേശിക്കുന്ന നഴ്സുമാരും ഉപവാസ സമരം ചെയ്തുകൊണ്ടാകും ജോലി ചെയ്യുകയെന്ന് ജില്ലാ പ്രസിഡന്റ് രാജേഷ് വർഗീസ് അറിയിച്ചു.

2013ലെ മിനിമം വേതനം നടപ്പിലാക്കുക, പന്ത്രണ്ടു മുതൽ പതിനാറു മണിക്കൂർ വരെ ഉള്ള ഡ്യൂട്ടി സമയം നിയമപരമായി ക്രമീകരിക്കുക, അശാസ്ത്രീയമായ ട്രെയിനി സംവിധാനം നിർത്തലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ചേർത്തല കെവിഎം ആശുപത്രിലെ നഴ്സുമാർ സമരം നടത്തുന്നത്. സമരം അടിയന്തിരമായി ഒത്തുതീർപ്പാകാത്ത പക്ഷം മാർച്ച് അഞ്ച് മുതൽ സംസ്ഥാന വ്യാപക പണിമുടക്ക് നടത്താൻ ആണ് യുഎൻഎ തീരുമാനം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ