തിരുവനന്തപുരം: സംസ്ഥാനത്തെ നാട്ടാനകളുടെ വിശദവിവരങ്ങൾ ഉൾപ്പെടുന്ന കണക്കെടുക്കാൻ വനം വകുപ്പ്. ഏകദിന സെൻസസിലൂടെയാണ് നാട്ടാന കണക്കെടുക്കാൻ വനം വകുപ്പ് തീരുമാനിച്ചിട്ടുളളത്. ഈ മാസം 22 നാണ് നാട്ടാനകളുടെ സെൻസസ് നടക്കുക.

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ നാട്ടാനകളുടെ വിശദവിവരങ്ങൾ ശേഖരിക്കാൻ വനംവകുപ്പ് തീരുമാനിച്ചതെന്ന് ഫോറസ്ട്രി ഇൻഫർമേഷൻ ബ്യൂറോ​ അറിയിച്ചു. ഓരോ ജില്ലയിലെയും നാട്ടാനകളുടെ എണ്ണത്തിന് അനുസരിച്ച് ആനുപാതികമായ സംഘങ്ങൾ രൂപീകരിച്ച് ഒറ്റദിവസം കൊണ്ട് സെൻസസ് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

വനം വകുപ്പ് ഉദ്യോഗസ്ഥർ, വെറ്റിനറി ഓഫീസർമാർ, പൊതുജനങ്ങൾ, സന്നദ്ധസംഘടനകൾ എന്നിവരുടെ സഹകരണത്തോടെ നവംബർ 22 ന് രാവിലെ എട്ട് മണിക്ക് സെൻസസ് ആരംഭിക്കും. വനംവകുപ്പ് സാമൂഹിക വനവൽക്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർമാരായിരി ക്കും സെൻസസ് ഓഫീസർമാറുടെ ചുമതല നിർവഹിക്കുക. ബയോ ഡൈവേഴ്സിറ്റി സെല്ലിലെ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററെ സെൻസസിന്റെ സംസ്ഥാനതല കോർഡിനേറ്റിങ് ഓഫീസറായി നിയമിച്ചിട്ടുണ്ട്.

ഓരോ ജില്ലയിലെയും ആനകളെ സംബന്ധിക്കുന്ന വിവരങ്ങൾ പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും സന്നദ്ധ സംഘടനകൾക്കും ജില്ലാതല സെൻസസ് ഓഫീസർമാരെ അറിയിക്കാവുന്നതാണ്. ആനകളെ സംബന്ധിച്ച് പൂർണ്ണവും വ്യക്തവുമായ വിവരങ്ങൾ സുപ്രീം കോടതിയിൽ സമർപ്പിക്കേണ്ടതിനാൽ എല്ലാ ആന ഉടമകളും സെൻസസുമായി സഹകരിക്കണമെന്നും എല്ലാ രേഖകളും രജിസ്റ്ററുകളും പരിശോധന സമയത്ത് ഹാജരാക്കണമെന്നും ചീഫ് വൈൽഡ് വാർഡൻ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ