മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒരു കോടി രൂപ വിലവരുന്ന സ്വർണം പിടികൂടി. മിശ്രിത രൂപത്തിലാക്കിയ 1.884 കിലോ സ്വർണം അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച കാസർഗോഡ് സ്വദേശി ഷഹലയെയാണ് (19) പൊലീസ് പിടികൂടിയത്. വിമാനത്താവളത്തിനു പുറത്തുവച്ചാണ് പെൺകുട്ടി പൊലീസ് പിടിയിലായത്.
ദുബായിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഞായറാഴ്ച രാത്രി ഷഹല കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധനയ്ക്കുശേഷം പുറത്തിറങ്ങിയ ഷഹലയെ മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ചോദ്യം ചെയ്യലിൽ തന്റെ പക്കൽ സ്വർണമുണ്ടെന്ന് സമ്മതിച്ചില്ല. ലഗേജുകൾ പരിശോധിച്ചെങ്കിലും പൊലീസിന് ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ദേഹപരിശോധന നടത്തിയപ്പോഴാണ് അടിവസ്ത്രത്തിനുള്ളില്‍ തുന്നിച്ചേര്‍ത്ത് ഒളിപ്പിച്ച രീതിയില്‍ മൂന്ന് പാക്കറ്റുകള്‍ കണ്ടെത്തിയത്.
ആഭ്യന്തര വിപണിയിൽ ഒരു കോടി രൂപ വില വരുന്നതാണ് പിടിച്ചെടുത്ത സ്വർണം. ഈ സ്വർണം കോടതിയില്‍ സമര്‍പ്പിക്കും. അതിനൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിന് സമര്‍പ്പിക്കും. ഈ മാസം 22ന് കരിപ്പൂരിൽ രണ്ട് യാത്രക്കാരിൽ നിന്നും ഒരു കോടി രൂപ വില വരുന്ന സ്വര്‍ണ മിശ്രിതം കസ്റ്റംസ് പിടികൂടിയിരുന്നു.