കൊച്ചി: തുടര്‍ച്ചയായി മൂന്നാം വര്‍ഷവും കൃതിയുടെ ഭാഗമായി നടപ്പാക്കുന്ന ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതിയില്‍ ഇത്തവണ ഇതുവരെ നൽകിയത് 1 കോടി 27 ലക്ഷം രൂപയുടെ കൂപ്പണുകൾക്കുള്ള പുസ്തകം. ഫെബ്രുവരി 14 വരെയുള്ള കണക്കാണിത്. രണ്ട് ദിവസം കൂടി നീളുന്ന ഫെസ്റ്റിവലിൽ കൂടുതൽ ബുക്കുകൾ കുട്ടികളിലേക്ക് എത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. ഞായറാഴ്ചയാണ് കൃതിയുടെ സമാപന ദിവസം.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സഹകരണ സ്ഥാപനങ്ങളിലൂടെയാണ് കൂപ്പണുകള്‍ വിദ്യാലയങ്ങളിലെത്തിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് കൃതിയിലും വന്‍വിജയമായ പദ്ധതിയിലൂടെ ഈ വര്‍ഷം ഒന്നരക്കോടി രൂപയുടെ പുസ്തകങ്ങള്‍ നല്‍കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
എഴുത്ത് അത്ര എളുപ്പമല്ലെന്ന് എം മുകുന്ദന്
പ്രതിരോധത്തിന്റെ സാഹിത്യം സൃഷ്ടിക്കുമ്പോള്‍ തന്നെ അത് ചെയ്യുന്നവരെ ഇല്ലാതാക്കാന്‍ മറ്റൊരു പക്ഷം അപ്പുറത്തുള്ള ഇക്കാലത്ത് എഴുത്ത് അത്ര എളുപ്പമല്ലെന്ന് എം മുകുന്ദന്. കൃതിയില്‍ എഴുത്തിന്റെ പക്ഷം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിരോധത്തിന്റെ സാഹിത്യത്തിന് അടുത്തകാലം വരെ പ്രസാധകരെ പോലും കിട്ടുമായിരുന്നില്ലെന്നും എന്നാല്‍ അതില്‍ ഇപ്പോള്‍ മാറ്റം വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പെരുമാള്‍ മുരുഗനെ പോലുള്ളവര്‍ ആഗോളതലത്തില്‍ തന്നെ ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നവെന്നും അദ്ദേഹം വ്യക്തമാക്കി.കലഹിച്ചും തിരുത്തിയുമാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ കൂടെ നടക്കേണ്ടത്.
അധികാര സ്ഥാനത്ത് നിന്ന് എഴുത്തുകാരന് മാറി നില്‍ക്കണം എന്ന് പറയാറുണ്ട്. എഴുത്തുകാരല്ലാതെ ബിസിനസുകാരാണോ അക്കാദമി ഭാരവാഹിത്വം പോലുള്ള സ്ഥാനങ്ങളിലേക്ക് എത്തേണ്ടത്. ഡല്‍ഹിയില്‍ ബി.ജെ.പി പ്രതിപക്ഷത്താണ് എന്നതിനാല്‍ അധികാരത്തോട് അകലാനായി, ഡല്‍ഹിയില്‍ താമസിക്കുമ്പോള്‍ താന്‍ അവരോടൊപ്പം നില്ക്കുകയാണോ ചെയ്യേണ്ടത് എന്നും മുകുന്ദന് ചോദിച്ചു.
മനുഷ്യന്റ ഭാവി ഉന്നതമായ ആശയങ്ങളുടെ സമുച്ചയമായ ഇടത് പക്ഷത്തിലാണെന്നും കേരളത്തില്‍ അതിനെ ലളിതവല്‍ക്കരിച്ച് കക്ഷി രാഷ്ട്രീയ സങ്കല്പ്പത്തിലേക്കെത്തിച്ച് ഒരു പാര്‍ട്ടിയിലേക്ക് ചുരുക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.സാമൂഹ്യമാധ്യമങ്ങള്‍ ആരോഗ്യപരമായ സംവാദത്തിനുള്ള ഒരിടമല്ലാതെയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യയില്‍ ജനാധിപത്യം ഇന്നേവരെ ഉണ്ടായി ഇന്ന് കരുതുന്നില്ലെന്ന് സാഹിത്യകാരന് വൈശാഖന് പറഞ്ഞു.