ഓണക്കാലത്തോട് അനുബന്ധിച്ച് യാത്രാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണായി വിജന്. ആഘോഷങ്ങള്‍ക്കായി പോകുന്നവര്‍ക്ക് യാത്ര തടസങ്ങള്‍ നേരിടാതിരിക്കാന്‍ കൂടുതല്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. ട്രെയിന്‍, വിമാന സര്‍വീസുകളുടെ എണ്ണം കൂട്ടണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രിമാര്‍ക്ക് കത്തയച്ചതായും മുഖ്യമന്ത്രി അറിയിച്ചു. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ബംഗ്ലൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍നിന്ന് ആഗസ്റ്റ് 25-നും സപ്തംബര്‍ 10-നും ഇടയ്ക്കുളള ദിവസങ്ങളില്‍ കേരളത്തിലേയ്ക്കും തിരിച്ചും സ്പെഷല്‍ ട്രെയിനുകള്‍ അനുവദിക്കണംമെന്നാവശ്യപ്പെട്ടുകൊണ്ട് റെയില്‍ മന്ത്രി സുരേഷ് പ്രഭുവിന് കത്തയച്ചതായി പിണറായി വിജന് തന്റെ ഫെയ്സ്ബുക്ക് പേജില്‍ പറയുന്നു.
ഗള്‍ഫ് നാടുകളില്‍നിന്ന് കേരളത്തിലേക്കും തിരിച്ചും കൂടുതല്‍ വിമാന സര്‍വീസ് അനുവദിക്കണമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രി അശോക് ഗജപതി രാജുവിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടതായും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
15,000 സീറ്റുകളെങ്കിലും അധികം അനുവദിച്ചാല്‍ ഉത്സവ സീസണുകളില്‍ നിരക്കുകുത്തനെ ഉയര്‍ത്തുന്ന പ്രവണത നിയന്ത്രിക്കാനാകും. ഇപ്പോള്‍ ഗള്‍ഫ് നഗരങ്ങളിലേക്ക് 50,000 രൂപ വരെ ഈടാക്കുന്നുണ്ട്. കൂടുതല്‍ സര്‍വീസ് ഏര്‍പ്പെടുത്തുകയാണെങ്കില്‍ നിരക്ക് 30,000 രൂപയില്‍ താഴെയാക്കാനാകും. മേയ് 15ന് തിരുവനന്തപുരത്തു സര്‍ക്കാര്‍ വിളിച്ച വിമാനക്കമ്പനി പ്രതിനിധികളുടെ യോഗത്തില്‍ വ്യോമയാന സെക്രട്ടറി ഉറപ്പു നല്‍കിയത്, വിമാനക്കമ്പനികള്‍ കൂടുതല്‍ ഫ്ലൈറ്റ് ഏര്‍പ്പെടുത്താന്‍ തയാറാണെങ്കില്‍ അനുമതി നല്‍കാമെന്നാണ്. അതിന്റെ തുടര്‍ച്ചയായി ജൂണ്‍ 23ന് കേന്ദ്രമന്ത്രിക്ക് കത്ത് അയച്ചിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.